ചങ്കിടിപ്പില്ലാതെ മറുകരയെത്താന്‍ ഇവര്‍ക്കൊരു പാലം വേണം
സുല്‍ത്താന്‍ ബത്തേരി: ചങ്കിടിപ്പില്ലാതെ തോട് മറികടക്കാന്‍ സുരക്ഷിതമായ പാലമെന്ന ആവശ്യത്തിന് രണ്ട് പതിറ്റാണ്ട് പഴക്കം. ബത്തേരി മുന്‍സിപ്പാലിറ്റിയുടെയും നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിന്റെയും അതിര്‍ത്തി കൂടിയായ തൊടുവെട്ടിയിലാണ് തോടിന് അക്കരെ ഇക്കരെ കടക്കാന്‍ സുരക്ഷിതമായ പാലമില്ലാതെ മൂന്ന് കുടുംബങ്ങള്‍ കഴിയുന്നത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തോടിന് കുറുകെ പാലം വേണമെന്ന ആവശ്യമുന്നയിച്ചിരുന്നെങ്കിലും അവഗണനയായിരുന്നു ഫലം. മഴ ശക്തിയായി തോട്ടില്‍ വെള്ളം കയറുന്നതോടെ താല്‍ക്കാലിക മരപ്പാലവും വെള്ളത്തിനടിയിലാവും.
ഇതോടെ ഈ കുടുംബങ്ങള്‍ ഒറ്റപ്പെടാറാണ് പതിവ്. സ്കൂള്‍ വിദ്യാര്‍ഥികളടക്കം 15-ാളം പേരാണ് മൂന്ന് കുടുംബങ്ങളിലായി താമസിക്കുന്നത്. നിലവില്‍ ഈ കുടുംബങ്ങല്‍ സ്വന്തം ചെലവിലാണ് മരപ്പാലം നിര്‍മിച്ചതും ഇതിന്റെ അറ്റകുറ്റപണികള്‍ നടത്തുന്നതും.
കാലപ്പഴക്കത്താല്‍ പാലത്തില്‍ വിരിച്ചിരിക്കുന്ന പലകകള്‍ ദ്രവിച്ചുതുടങ്ങിയിട്ടുണ്ട്. മുളകൈവരിയായും കുത്തുകാല് നാട്ടിയും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച പാലം ഏതുസമയത്തും നിലം പതിക്കാമെന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ പുഴക്ക് കുറുകെ ഇനിയെങ്കിലും പാലം നിര്‍മിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."