സീബ്രാലൈന്‍ ഇല്ലാത്ത ജില്ലാ ആസ്ഥാനം
കല്‍പ്പറ്റ: ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ സീബ്രാലൈന്‍ മഷിയിട്ട് നോക്കിയാല്‍ പോലും കാണാനാവില്ല. ടൗണ്‍ ആരംഭിക്കുന്ന കൈനാട്ടി മുതല്‍ അവസാനിക്കുന്ന ഫയര്‍സ്‌റ്റേഷന്‍ വരെ ഇരുപതിലധികം സീബ്രാലൈനുകള്‍ ഉണ്ടായിരുന്നതാണ്.
എന്നാല്‍ ഇന്ന് അവയില്‍ ഒന്നുപോലും നേരാംവണ്ണം തെളിഞ്ഞ് കിടക്കുന്നില്ല. ജില്ലയിലെ ഏറ്റവും തിരക്കേറിയ പട്ടണത്തിന്റെ അവസ്ഥയാണിത്. മാസങ്ങള്‍ക്ക് മുന്‍പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടീണിലെ തിരക്കേറിയ ഭാഗങ്ങളിലെ സീബ്രാലൈനുകള്‍ വീണ്ടും വരച്ചിരുന്നു.
എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ അവയെല്ലാം മാഞ്ഞുപോയി. കല്‍പ്പറ്റയില്‍ പഴയ ബസ് സ്റ്റാന്‍ഡ്, മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ്, പിണങ്ങോട് ജങ്ഷന്‍, സിവില്‍ സ്‌റ്റേഷന്‍, പുതിയ ബസ് സ്റ്റാന്‍ഡ്, ജനറല്‍ ആശുപത്രി, ബൈപ്പാസ് ജങ്ഷന്‍ തുടങ്ങി മുഴുവന്‍ സ്ഥലങ്ങളിലേയും സീബ്രാലൈനുകള്‍ മാഞ്ഞ് വെള്ളവര കാണാന്‍ പോലുമില്ലാത്ത അവസ്ഥയാണ്.
ദിനവും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാതയില്‍ സീബ്രാ ലൈനുകള്‍ ഇല്ലാതായതോടെ വിദ്യാര്‍ഥികളും പ്രായമുള്ളനരുമടക്കമുള്ളവര്‍ റോഡ് മുറിച്ചു കടക്കാന്‍ പ്രയാസപ്പെടുകയാണ്.
സ്ഥിരമായി ഈറോഡില്‍ സഞ്ചരിക്കുന്ന ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ നിര്‍ത്തി നല്‍കാറുണ്ടെങ്കിലും മറ്റുവാഹനങ്ങള്‍ റോഡ് മുറിച്ച് കടക്കുന്നവരുടെ തൊട്ടടുത്തെത്തിയാണ് വാഹനം നിര്‍ത്തുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. കല്‍പ്പറ്റയില്‍ മാസങ്ങള്‍ക്ക് മുമ്പ് ഓട്ടോ ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ സീബ്രലൈനുകള്‍ വരച്ചിരുന്നെങ്കിലും അതും മാഞ്ഞ നിലയിലാണ്.
വിദ്യാര്‍ഥികളടക്കം അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന ആക്ഷേപമുയരുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണാന്‍ പൊതുമരാമത്ത് അധികൃതര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സീബ്രാലൈനുകള്‍ പുനസ്ഥാപിക്കണമെന്നാണ് ഡ്രൈവര്‍മാരും നാട്ടുകാരും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."