ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ദുരിത യാത്ര
കുന്നുംകൈ: വിദ്യാര്‍ഥികളുടെ യാത്രാ നിരക്കിളവ് ഔദാര്യമെന്ന രീതിയിലാണ് പല ബസ് ജീവനക്കാരും വിദ്യാര്‍ഥികളോട് പെരുമാറുന്നത്. ഇത് വിദ്യാര്‍ഥികള്‍ക്ക് സമ്മാനിക്കുന്നത് ദുരിതയാത്ര.
ഇതേച്ചൊല്ലി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ഥികളും ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കം പതിവാകുകയാണ്. മലയോരത്തെ പല പഞ്ചായത്തുകളിലും വിദ്യാര്‍ഥികളെ സ്വകാര്യ ബസുകളില്‍ കയറ്റുന്നില്ലെന്ന പരാതി വ്യാപകമാണ്. സ്കൂള്‍ വിടുമ്പോള്‍ സ്റ്റോപ്പില്‍ കാത്തുനില്ക്കുന്ന വിദ്യാര്‍ഥികളെ കയറ്റാന്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തയാറാവുന്നില്ലെന്നാണ് പ്രധാന ആക്ഷേപം.
സ്കൂള്‍ സമയങ്ങളില്‍ സ്റ്റോപ്പുകളില്‍ പൊലിസിന്റെ സേവനം കാര്യക്ഷമമല്ലാത്തതാണ് സ്വകാര്യ ബസുകാരുടെ നിയമലംഘനം പതിവാകാന്‍ കാരണം. വിദ്യാര്‍ഥികളെ കയറ്റാന്‍ മടിക്കുന്ന സ്വകാര്യ ബസുകള്‍ മത്സരിച്ചോടി അപകടങ്ങള്‍ സൃഷ്ടിക്കുന്നതും പതിവാണ്. കണ്സെഷന് നല്‍കുന്നതിലും ബസുകളില്‍ വിദ്യാര്‍ഥികളും ജീവനക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.
വിദ്യാര്‍ഥികളെ ബസില്‍ കയറ്റാത്തതും കൂടുതല്‍ പണം വാങ്ങിയതും സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടും മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കുന്നില്ല എന്ന പരാതിയും നിലനില്ക്കുന്നു. വിദ്യാര്‍ഥികളുടെ യാത്രാ നിരക്കിളവ് മൂലമുള്ള നഷ്ടം നികത്തുന്ന വിധത്തിലാണ് ബസ് യാത്രാനിരക്ക് നിശ്ചയിച്ചിട്ടുള്ളതെങ്കിലും ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോട് വിവേചനം കാട്ടുകയാണ്.
പൊലിസും മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും കാര്യക്ഷമമായി ഇടപെടാത്തതാണ് തങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."