കളഞ്ഞുകിട്ടിയ പണം ഓട്ടോ ഡ്രൈവര്‍ തട്ടിയെടുത്തു
ഇരവിപുരം: കളഞ്ഞുകിട്ടിയ പണം ഇതരസംസ്ഥാന തൊഴിലാളിയില്‍നിന്ന് ആള്‍മാറാട്ടം നടത്തി ഓട്ടോ ഡ്രൈവര്‍ തട്ടിയെടുത്തു. പള്ളിമുക്ക്-അയത്തില്‍ റോഡില്‍ മണക്കാട് ജങ്ഷനടുത്ത് വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. കാറ്ററിങ് സര്‍വിസ് നടത്തുന്ന ഇര്‍ഷാദ് ജങ്ഷന്‍ സ്വദേശിയായ ഫൈസലിന്റെ 1,3600 രൂപയാണ് യാത്രക്കിടെ നഷ്ടപ്പെട്ടത്. അജ്മല്‍ എന്നയാളൊടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പണം നഷ്ടപ്പെട്ടത്.
ഇതിനിടെ മൈലാപ്പൂരില്‍ ഒരു കടയില്‍ ജോലി നോക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ കൈയിലാണ് റോഡില്‍നിന്ന് പണം ലഭിച്ചത്. ഇയാള്‍ പണം എണ്ണി നോക്കിയ ശേഷം അടുത്തുള്ള ഒരു കടയില്‍ ഏല്‍പ്പിക്കാനായി പോകുമ്പോഴായിരുന്നു ഓട്ടോയുമായെത്തിയ ഡ്രൈവര്‍ പണം തന്റെ കൈയില്‍ നിന്ന് നഷ്ടപ്പെട്ടതാണെന്ന് പറഞ്ഞ് പണം വാങ്ങി കടന്നത്.
ഇയാള്‍ പണം വാങ്ങി പോയതിന് പിന്നാലെയാണ് നഷ്ടപ്പെട്ട പണം തിരക്കി പണത്തിന്റെ യഥാര്‍ഥ ഉടമ എത്തിയപ്പോഴേക്കും ഓട്ടോക്കാരന്‍ പണവുമായി കടന്നിരുന്നു. ഇരവിപുരം പൊലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി സമീപത്തെ ഒരു വീട്ടിലെ നിരീക്ഷണ കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. കാമറയിലെ ദൃശ്യങ്ങളില്‍ ഓട്ടോറിക്ഷയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."