HOME
DETAILS
MAL
കൊവിഡിന്റെ മറവില്‍ പ്ലാസ്റ്റിക് തിരിച്ചെത്തി
backup
July 21 2020 | 03:07 AM
നിലമ്പൂര്‍: കൊവിഡിന്റെ മറവില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ വീണ്ടും തിരിച്ചെത്തി. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് കവറുകള്‍ ഉള്‍പ്പെടെയാണ് ഒരു നിയന്ത്രണവുമില്ലാതെ കടകളിലൂടെ ജനങ്ങള്‍ക്ക് നല്‍കുന്നത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് നിശ്ചിത അളവില്‍ താഴെയുള്ളതും ഒറ്റതവണ മാത്രം ഉപയോഗിക്കാവുന്നതും ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ സംസ്ഥാനത്ത് നിരോധിച്ചത്.
പല വ്യാപാരികളും ഇവ രഹസ്യമായി ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നുവെങ്കിലും പിന്നീട് പരിശോധന പേടിച്ച് പൂര്‍ണമായും നിലച്ച മട്ടായിരുന്നു. പ്ലാസ്റ്റിക് കാരിബാഗുകളും ചെറിയ പ്ലാസ്റ്റിക് കോട്ടിങുള്ള ഡിസ്‌പോസിബിള്‍ ഗ്ലാസുകള്‍, പ്ലേറ്റുകള്‍, കടകളിലൂടെ സാധനങ്ങള്‍ ഇട്ടു നല്‍കുന്ന കവറുകള്‍ ഉള്‍പ്പെടെ നിരോധന പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.
പിടികൂടിയാല്‍ 10,000 രൂപയാണ് പിഴ ഈടാക്കാന്‍ നിര്‍ദേശമുണ്ടായിരുന്നത്. കുറ്റം ആവര്‍ത്തിച്ചാല്‍ 25,000 രൂപയും പിഴ ഈടാക്കുമെന്നും നിര്‍ദേശിച്ചിരുന്നു. ആദ്യഘട്ടത്തില്‍ കടകളില്‍ പരിശോധന നടത്തി താക്കീത് നല്‍കിയിരുന്നുവെങ്കിലും പിന്നീട് പരിശോധനകള്‍ ശക്തമാക്കുകയും പിഴ ഈടാക്കുകയും ചെയ്തതോടെ ഇവയുടെ ഉപയോഗം നന്നേ കുറഞ്ഞിരുന്നു. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് പരിശോധനകള്‍ നിലച്ചപ്പോഴാണ് വീണ്ടും ഇവ തലപൊക്കി തുടങ്ങിയത്.
കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഹോട്ടലുകളും ഭക്ഷണശാലകളും പാര്‍സലുകളായി മാത്രമേ ഭക്ഷണം നല്‍കാവൂ എന്ന നിര്‍ദേശം വന്നതോടെ ഡിസ്‌പോസിബിള്‍ പ്ലേറ്റുകളും ഗ്ലാസുകളുമാണ് നല്‍കുന്നത്.
വ്യാപാര സ്ഥാപനങ്ങളും ജനങ്ങളും പ്ലാസ്റ്റിക് ഉല്‍പന്നങ്ങളോട് മുഖം തിരിച്ചുവരുന്നതിനിടെയാണ് കൊവിഡിന്റെ മറവില്‍ വീണ്ടും ഇവ രംഗപ്രവേശനം ചെയ്യുന്നത്. പഴയ സ്‌റ്റോക്കുകള്‍ തീര്‍ന്നിടത്ത് പുതിയ സ്‌റ്റോക്കുകളും വ്യാപാര സ്ഥാപനങ്ങളില്‍ എത്തിച്ചു തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."