വയനാട് സ്വദേശിക്ക് സഊദിയില്‍ യൂനിവേഴ്സിറ്റി പ്രതിഭാ പുരസ്‌കാരം
റിയാദ്: മലയാളി അക്കാദമിക് പ്രതിഭയ്ക്ക് സഊദിയില്‍ മികച്ച പുരസ്‌കാരം. വയനാട് മാനന്തവാടി സ്വദേശി ഡോ: നിസാറിനാണ് അല്‍ഖര്‍ജിലെ പ്രിന്‍സ് സത്താം സര്‍വകലാശാലയുടെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഗവേഷകനുള്ള പ്രിന്‍സ് സത്താം അബ്ദുല്‍ അസീസ് റിസര്‍ച്ച് എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചത്.
സത്താം സര്‍വകലാശാലക്കു കീഴിലുള്ള വിവിധ കോളജുകളിലെ ഗവേഷകരെ പിന്നിലാക്കിയാണ് സഊദിയിലെ തന്നെ വാദി ദിവാസിര്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ അസോസിയേറ്റ് പ്രൊഫസറായി ജോലി ചെയ്യുന്ന ഡോ:നിസാര്‍ ഈ അത്യപൂര്‍വ്വ നേട്ടം കരസ്ഥമാക്കിയത്. ഇതോടെ ഈ അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിയും നിസാര്‍ നേടി.അപ്ലൈഡ് യൂനിവേഴ്‌സിറ്റി ഗവേഷകനായ നിസാര്‍ ഇരുന്നൂറിലേറെ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നാനോ ഫ്‌ലൂയിഡ്, ഫ്രാക്ഷനാല്‍ കാല്‍കുലസ്, മാത്തമറ്റിക്കല്‍ മോഡലിംഗ്, മെഷീന്‍ ലേണിങ് എന്നിവയിലാണ് ഇദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍. ഇതിനു മുന്‍പും നിരവധി അവാര്‍ഡുകള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. മാനന്തവാടി കോട്ടക്കാരന്‍ സൂപ്പി-അലീമ ദമ്പതികളുടെ മകനായ നിസാര്‍ ഫാറൂഖ് കോളജില്‍ നിന്നും ബിരുദം നേടിയ ശേഷം അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ നിന്നും എം. എസ.് സി, എം. ഫില്‍, പി. എച്ച്. ഡി എന്നീ ബിരുദങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ജാസ്മിന്‍ നങ്ങാരത്ത് ആണ് ഭാര്യ. നമീര്‍, നൈല എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."