പരിയാരം മെഡിക്കല്‍ കോളേജിലെ പ്രഥമ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം
തളിപ്പറമ്പ്: കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി പരീക്ഷിച്ച് പരിയാരം മെഡിക്കല്‍ കോളജും. ഇവിടെ ഇന്നലെ നടന്ന പ്രഥമ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വടകരയില്‍ വച്ച് ബസ്സും ബൈക്കും കൂട്ടിയിടിച്ച പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് മസ്തിഷ്‌ക്ക മരണം സംഭവിച്ച റിബിന്‍ എന്ന യുവാവിന്റെ കരള്‍ തൃച്ഛംബരം സ്വദേശിനി മാലതിക്കാണ് മാറ്റിവെച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ചതിനാല്‍ റിബിനെ ഇനി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനാവില്ലെന്ന് ഡോക്ടര്‍മാര്‍ ഭാര്യയേയും മറ്റു ബന്ധുക്കളെയും അറിയിക്കുകയായിരുന്നു. 16നാണ് ഇവര്‍ അവയവദാനത്തിന് സമ്മതിച്ചത്. വിവാഹം കഴിഞ്ഞ് വെറും അഞ്ചുദിവസം പിന്നിട്ടപ്പോഴാണ് റിബിന് അപകടത്തില്‍ ഗുരുതര പരുക്കേറ്റത്. റിബിന്റെ വേര്‍പാട് നല്‍കുന്ന വേദനക്കിടയിലും അവയവദാനത്തിന്റെ മഹത്വം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതുകൊണ്ടു മാത്രമാണ് അവയവമാറ്റം നടത്താന്‍ ബന്ധുക്കള്‍ക്ക് സാധിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്റര്‍ നിഖില്‍രാജിന്റെ നേതൃത്വത്തില്‍ മൃതസഞ്ജീവനിയെ വിവരമറിയിക്കുകയും കരള്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് അനുവദിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കോട്ടയത്തെ ഡോ.മഞ്ജുരാജ്, ഡോ.പൗലോസ് ചാലി എന്നിവരുടെ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നെത്തിയ വിദഗ്ദ്ധ സംഘം ശസ്ത്രക്രിയ നടത്തി അവയവം എടുത്തുമാറ്റി.
തുടര്‍ന്ന് പൊലിസിന്റെ സഹായത്തോടെ റോഡില്‍ ട്രാഫിക് തടസ്സങ്ങള്‍ ഒഴിവാക്കി കൃത്യസമയത്തു തന്നെ കരള്‍ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചു. ഡോ.മഞ്ജുരാജ്, ഡോ.മഷൂദ്, ബ്രദര്‍. ലിജോ, കോ-ഓര്‍ഡിനേറ്റര്‍ റോബിന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിച്ച കരള്‍ തൃച്ഛംബരം സ്വദേശി റിട്ട. ഡി.ഇ.ഒ മാലതിക്കാണ് വച്ചുപിടിപ്പിച്ചത്. രാവിലെ എട്ടരക്കാരംഭിച്ച കരള്‍ വെച്ചുപിടിപ്പിക്കല്‍ ശസ്ത്രക്രിയ 10 മണിക്കൂര്‍ കഴിഞ്ഞ് വൈകുന്നേരം ആറരക്കാണ് അവസാനിച്ചത്.
ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് ഡോ.ബൈജു കുണ്ടിലിന്റെ നേതൃത്വത്തില്‍ ഡോ.കെ.ജി സാബു, ഡോ.കൃഷ്ണകുമാര്‍, ഡോ.സാഹു, ഡോ.റോയി എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ശസ്ത്രക്രിയക്ക് ശേഷം രോഗി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."