എം.ബി.ബി.എസ് കഴിഞ്ഞവരുടെ ഉപരിപഠനം അനിശ്ചിതത്വത്തില്‍
മഞ്ചേരി: അഞ്ചു വര്‍ഷത്തെ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കി 99 ഡോക്ടര്‍മാര്‍ ഇന്നലെ ബിരുദം സ്വീകരിച്ചെങ്കിലും മഞ്ചേരി ഗവ.മെഡിക്കല്‍ കോളജിന്റെ സ്ഥിരാംഗീകാരം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു.
കോളജിന് അംഗീകാരം ലഭിക്കുന്നത് സംബന്ധിച്ച പരിശോധനാ നടപടികള്‍ അനന്തമായി നീളുകയാണ്. നിരവധി തവണ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കോളജില്‍ നേരിട്ടെത്തി പരിശോധന നടത്തിയെങ്കിലും അനുകൂലമായ റിപോര്‍ട്ട് സമ്പാദിക്കാന്‍ കോളജിന് സാധിച്ചിട്ടില്ല. സ്ഥിരാംഗീകാരം ലഭ്യമാവാത്തതിനാല്‍ ഇന്നലെ ബിരുദം വാങ്ങി പുറത്തിറങ്ങിയ 99 പേരുടെയും ഭാവി അവതാളത്തിലാകും. കോളജിന്റെ അംഗീകാരത്തിന് തടസമായി നില്‍ക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ നിര്‍മാണ പ്രവൃത്തികള്‍ ഉള്‍പെടെയുള്ള തിരക്കിട്ട നീക്കം നടക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം നേരില്‍ കണ്ട് ബോധ്യപ്പെട്ട എം.സി.ഐ സംഘത്തിന്റെ കഴിഞ്ഞ മാസത്തെ പരിശോധനാ ഫലം ഇപ്പോഴും മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല.
2013 സെപ്തംബര്‍ ഒന്നിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് മലപ്പുറം ജില്ലക്കായി മഞ്ചേരിയില്‍ മെഡിക്കല്‍ കോളജിന് തുടക്കം കുറിച്ചത്. പരാധീനതകള്‍ നിരവധി ഉണ്ടായിട്ടും എം.സി.ഐ സംഘം കോളജില്‍ എം.ബി.ബി.എസ് ബാച്ചിന് അംഗീകാരം നല്‍കി. ആദ്യ ബാച്ചില്‍ 100 വിദ്യാര്‍ഥികള്‍ പ്രവേശനം നേടുകയും ചെയ്തു. ഇവര്‍ അഞ്ചു വര്‍ഷത്തിന് ശേഷം പുറത്തിറങ്ങുമ്പോഴും കോളജിന് സ്ഥിരാംഗീകാരം നേടാന്‍ സാധിക്കാത്തത് വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാക്കുകയാണ്. കോളജിന് സ്ഥിരാംഗീകാരം ലഭിക്കാന്‍ കാലതാമസം നേരിട്ടാല്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നും എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ഉപരിപഠനവും പ്രതിസന്ധിയിലാകും. ഇവര്‍ക്ക് പ്രാക്ടീസ് ചെയ്യുന്നതിനും നിയമപരമായ തടസങ്ങള്‍ നേരിടും. സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പ് മന്ത്രിയും നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിലുണ്ടായ കാലതാമസമാണ് മഞ്ചേരി മെഡിക്കല്‍ കോളജിന്റെ ദുരവസ്ഥക്ക് കാരണം. ഏറെ പ്രതീക്ഷയോടെ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ ഉറ്റുനോക്കിയിരുന്ന 2018 ജൂലൈയില്‍ നടന്ന എം.സി.ഐയുടെ പരിശോധനാ ഫലം മെഡിക്കല്‍ കോളജിന് അനുകൂലമായിരുന്നില്ല.
ഇതോടെ വിദ്യാര്‍ഥികള്‍ സമരവുമായി രംഗത്തെത്തിയെങ്കിലു ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. നിശ്ചിത സമയത്തിനകം സൗകര്യങ്ങള്‍ ഒരുക്കാമെന്ന് സര്‍ക്കാര്‍ എം.സി.ഐക്ക് സത്യാവങ്മൂലം നല്‍കിയിരുന്നെങ്കിലും ലംഘിക്കപ്പെട്ടു. കഴിഞ്ഞ രണ്ടു തവണ പരിശോധന നടന്നപ്പോഴും കെട്ടിട സമുച്ചയങ്ങളുടെ ഭരണാനുമതി, ടെന്‍ഡര്‍ രേഖകള്‍ തുടങ്ങിയവ എം.സി.ഐക്കു സമര്‍പ്പിച്ചാണ് സര്‍ക്കാര്‍ മുഖം രക്ഷിച്ചത്. നേരത്തെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലം അംഗീകാരം നല്‍കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. വിദ്യാര്‍ഥികള്‍ വീണ്ടും സമര രംഗത്തേക്കിറങ്ങിയതോടെയാണ് ആരോഗ്യ വകുപ്പ് മന്ത്രി 103 കോടിയുടെ നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
നിര്‍മാണ പ്രവൃത്തികളെല്ലാം എം.സി.ഐ സംഘം നേരിട്ടെത്തി കണ്ടെങ്കിലും പരിശോധനാ ഫലം ലഭിക്കാത്തത് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളെ ദുരിതത്തിലാക്കുകയാണ്. സ്ഥിരാംഗീകാരം നേടാനായില്ലെങ്കില്‍ കോളജില്‍ എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയവരുടെ രജിസ്‌ട്രേഷനും ഉപരിപഠനവും പ്രതിസന്ധിയിലാകും. ഹൗസ് സര്‍ജന്‍സി കഴിയുന്നവര്‍ ഉപരിപഠനത്തിനു സ്ഥിരാംഗീകാരം ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."