പട്ടികജാതി പട്ടികവര്‍ഗ ഫണ്ട് ചെലവഴിക്കുന്നില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതം: മന്ത്രി
തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ഫണ്ട് ചെലവഴിക്കുന്നില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി എ.കെ ബാലന്‍. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കു ജനസംഖ്യാ ആനുപാതികമായി ബജറ്റ് വിഹിതമുള്ള ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മരിയാപുരത്ത് പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഗവണ്‍മന്റ് ഐ.ടി.ഐയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി പട്ടികവര്‍ഗ മേഖലയില്‍ ചരിത്രത്തിലില്ലാത്ത ഭൗതിക പുരോഗതിയാണുണ്ടായിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വകയിരുത്തുന്ന പണം മികച്ച രീതിയില്‍ ചെലവഴിക്കാന്‍ കഴിയുന്നതുകൊണ്ടാണ് ഇതു സാധ്യമാകുന്നത്. ചെലവഴിക്കുന്ന തുക തരംതിരിച്ച് അതിന്റെ ശതമാനക്കണക്കാണ് അറിയിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ചെലവഴിക്കാതെ ട്രഷറിയില്‍ കിടക്കുന്ന പണം ചെലവഴിച്ചതിന്റെ കണക്കില്‍ ചേര്‍ക്കുന്ന രീതി ഇതോടെ അവസാനിച്ചു. കൃത്രിമ കണക്കുകള്‍ കാണിക്കാന്‍ പറ്റാത്ത സ്ഥിതിയായി. പട്ടികവര്‍ഗ വിഭാഗത്തില്‍ 94 ശതമാനവും പട്ടികജാതി വിഭാഗത്തില്‍ 86 ശതമാനവും ഭൗതിക പുരോഗതിയുണ്ടായിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാറിന്റെ സ്വയംപര്യാപ്ത പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായ ഹരിതായനം 2018 പ്രകാരം ചെങ്കല്‍ പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ ഐ.ടി.ഐ കാംപസില്‍ ആരംഭിക്കുന്ന പച്ചക്കറി കൃഷി പദ്ധതിയുടേയും ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരമുള്ള വിത്ത് വിതരണത്തിന്റെയും ഉദ്ഘാടനവും മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു. കെ. ആന്‍സലന്‍ എം.എല്‍.എ അധ്യക്ഷനായി.
പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ സലൂജ, ചെങ്കല്‍ പഞ്ചായത്ത് അംഗം സുനി വിന്‍സന്റ്, ഐ.എം.സി ചെയര്‍മാന്‍ പി. പ്രദീപ് ചന്ദ്രന്‍, സുരേഷ് തമ്പി, എസ്. സന്തോഷ് കുമാര്‍, കെ.സി സുകു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."