സ്വാതന്ത്ര്യസമര നായകന്‍ കണ്ണീരും കിനാവുമായി വൃദ്ധസദനത്തില്‍
പേരൂര്‍ക്കട: സ്വാതന്ത്ര്യസമര ചരിത്രത്തിലെ നായകന്‍ കണ്ണീരും കിനാവുമായി വൃദ്ധസദനത്തില്‍ കഴിയുന്നു. വട്ടിയൂര്‍ക്കാവ് വയലിക്കട സ്വദേശി കാലടി കൃഷ്ണന്‍ നായര്‍ (95) ആണ് ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട് പുലയനാര്‍ക്കോട്ടയിലെ ഗവ. കെയര്‍ ഹോമില്‍ കഴിയുന്നത്.
ഒരുവര്‍ഷം മുമ്പാണ് ഇദ്ദേഹം ഇവിടെ എത്തിപ്പെട്ടത്. ഭാര്യയും മൂന്നു മക്കളുമുള്ള കൃഷ്ണന്‍ നായര്‍, തന്നെ മക്കള്‍ സംരക്ഷിക്കുന്നില്ലെന്നും സഹായധനം ലഭിക്കാന്‍ ഏര്‍പ്പാടുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് കളക്ടറെ സമീപിച്ചതോടെയാണ് ഈയൊരു അവസ്ഥയുണ്ടായത്.
കൃഷ്ണന്‍ നായരുടെ ഒരുമകന്‍ സിവില്‍സപ്ലൈസിലെ ഉദ്യോഗസ്ഥനാണ്. പ്രായം ചെന്നതോടെ താന്‍ ഒരു ബാദ്ധ്യതയായി മാറിയെന്നും അതോടെ മക്കള്‍ തിരിഞ്ഞുനോക്കാതായെന്നും അതാണ് സഹായം ലഭിക്കാന്‍ കളക്ടറെ സമീപിച്ചതെന്നും കൃഷ്ണന്‍ നായര്‍ പറയുന്നു. മാസത്തില്‍ ഒരു നിശ്ചിതതുക വച്ചു നല്‍കാന്‍ കളക്ടറുടെ ഉത്തരവ് വന്നതോടെ മക്കള്‍ക്കു വാശിയായി. പിതാവിനെ ഒപ്പം കൂട്ടിയില്ല. കളക്ടര്‍ ബിജു പ്രഭാകറിന്റെ നിര്‍ദ്ദേശപ്രകാരം വൃദ്ധസദനം കൃഷ്ണന്‍ നായരെ ഏറ്റെടുക്കുകയായിരുന്നു.
ഒരുവര്‍ഷം കടന്നുപോയതോടെ തന്റെ ജന്മദിനമറിയിച്ചുകൊണ്ട് കൃഷ്ണന്‍ നായര്‍ സഹപ്രവര്‍ത്തകരെയും ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും വിളിച്ചു. ഇതോടെയാണ് കൃഷ്ണന്‍ നായരുടെ ദുരവസ്ഥ കൂടുതല്‍ പേര്‍ അറിയുന്നത്. 1938ല്‍ നടന്ന വട്ടിയൂര്‍ക്കാവ് സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ സ്വാതന്ത്ര്യസമരത്തില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന, പ്രായംകുറഞ്ഞ സമരഭടനായിരുന്നു കൃഷ്ണന്‍ നായര്‍.
മുന്‍മന്ത്രി ചന്ദ്രശേഖരന്റെ അടുത്ത അനുയായി ആയിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചുവടുപിടിച്ചുകൊണ്ട് വട്ടിയൂര്‍ക്കാവില്‍ നടന്ന സ്വാതന്ത്ര്യപ്പോരാട്ടം സുവര്‍ണ്ണലിപികളില്‍ എഴുതപ്പെട്ടവയാണ്. കഴിഞ്ഞ 22ാം തീയതിയായിരുന്നു കൃഷ്ണന്‍ നായരുടെ 95ാം ജന്മദിനം. വൃദ്ധസദനത്തിലായി ഒരുവര്‍ഷം പിന്നിട്ടിട്ടും മക്കളാരും ഇദ്ദേഹത്തെ അന്വേഷിച്ച് എത്തിയില്ലെന്നും ജീവിച്ചിരിപ്പുണ്ടോയെന്നുപോലും തിരക്കിയില്ലെന്നും വട്ടിയൂര്‍ക്കാവ് സമ്മേളന സ്മാരകസമിതി പ്രസിഡന്റ് കാവല്ലൂര്‍ മധു പറഞ്ഞു.
തന്റെ ജന്മദിനം വിളിച്ചറിയിച്ചതോടെ സമിതി സെക്രട്ടറി വട്ടിയൂര്‍ക്കാവ് ചന്ദ്രശേഖരന്‍, ടി. ഗണേശന്‍പിള്ള, തൊഴുവന്‍കോട് സുരേന്ദ്രന്‍ തുടങ്ങിയ നിരവധി പേര്‍ ആശംസകളുമായി എത്തി.
ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയൊന്നും ഇവിടെയില്ല, അന്തേവാസികള്‍ക്കൊപ്പം സന്തോഷത്തോടെയാണ് കഴിഞ്ഞു വരുന്നത്. യാതൊരു അല്ലലുമില്ല, സമയാസമയങ്ങളില്‍ ആഹാരം. ഒരു വിഷമം മാത്രമേ കൃഷ്ണന്‍ നായര്‍ക്കുള്ളൂ കുടുംബത്തിന്റെ സാമീപ്യമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."