ഒടുവില്‍ അതിനൊരു തീരുമാനമായി; സ്മൃതി ഇറാനിക്കു ബിരുദമില്ല
തന്റെ യോഗ്യത സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍
മാത്രമെന്ന് സ്മൃതി ഇറാനി
ന്യൂഡല്‍ഹി: ഹൈക്കോടതിയില്‍ വരെയെത്തിയ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദത്തിന് വഴിത്തിരിവ്. തനിക്കു ബിരുദമില്ലെന്ന് അവര്‍ തന്നെ സമ്മതിച്ചതോടെയാണ് വിവാദം അവസാനിച്ചത്. അമേത്തിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരേ മത്സരിക്കുന്ന സ്മൃതി ഇറാനി, ഇന്നലെ നല്‍കിയ സത്യവാങ്മൂലത്തിലാണ് തന്റെ യഥാര്‍ഥ വിദ്യാഭ്യാസ യോഗ്യത 'വെളിപ്പെടുത്തി'യത്.
1991ല്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും 1993 സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയെന്നാണ് ഇന്നലത്തെ സത്യവാങ്മൂലത്തില്‍ പറയുന്നത്. 1994ല്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ബി.കോം ബിരുദ കോഴ്‌സിന് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
2004ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി സ്മൃതി ഇറാനി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 1996ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ (സ്‌കൂള്‍ ഓഫ് കറസ്‌പോണ്ടന്‍സ്) നിന്ന് ബി.എ ബിരുദം കരസ്ഥമാക്കിയെന്നാണു പറയുന്നത്. എന്നാല്‍, 2011 ജൂലൈ 11ന് ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്കു മത്സരിക്കാനായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ (വിദൂര പഠനം) നിന്ന് ബി.കോം യോഗ്യത നേടിയതായും പറയുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ (സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങ്) നിന്ന് ബികോം വിജയിച്ചെന്നാണ് പറയുന്നത്. ഈ വൈരുധ്യം ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം, സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യംചെയ്തപ്പോഴെല്ലാം തന്റെ ബിരുദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അവര്‍ ചെയ്തത്.
തനിക്ക് അമേരിക്കയിലെ യേല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദമുണ്ടെന്നും ഇറാനി അവകാശപ്പെട്ടിരുന്നു. ലോകപ്രശസ്ത യേല്‍ യൂനിവേഴ്‌സിറ്റിയുടെ ആറുദിവസത്തെ റിഫ്രഷ് കോഴ്‌സിനെ ബിരുദമായി ചിത്രീകരിച്ച ഇറാനിയുടെ നടപടി സോഷ്യല്‍മീഡിയയുടെ പരിസാഹത്തിനിടയാക്കിയിരുന്നു.
നരേന്ദ്രമോദി മന്ത്രിസഭയിലെ പ്രായം കുറഞ്ഞ അംഗമായ സ്മൃതി ഇറാനി, രാഹുല്‍ ഗാന്ധിക്കെതിരേ പരാജയപ്പെട്ടിരുന്നുവെങ്കിലും രാജ്യസഭ വഴിയാണ് പാര്‍ലമെന്റിലെത്തിയതും മന്ത്രിസഭയില്‍ അംഗമായതും.
4.71 കോടി രൂപ ആസ്തിയുണ്ടെന്നും ഇന്നലെ നല്‍കിയ സത്യവാങ്മൂലത്തില്‍ അവര്‍ വ്യക്തമാക്കി. 1.75 കോടിയുടെ ജംഗമസ്വത്തും 2.96 കോടിയുടെ സ്ഥാവര സ്വത്തുമാണ് മന്ത്രിക്കുള്ളത്. ഇതില്‍ 1.45 കോടിയുടെ കൃഷിഭൂമിയും 1.50 കോടിയുടെ പാര്‍പ്പിടവും ഉള്‍പ്പെട്ടിട്ടുണ്ട്. കൈയില്‍ പണമായുള്ളത് 6.24 ലക്ഷം രൂപയും ബാങ്ക് അക്കൗണ്ടുകളില്‍ 89 ലക്ഷം രൂപയുമുണ്ട്. ഇതു കൂടാതെ 18 ലക്ഷം രൂപ ദേശീയ സമ്പാദ്യ പദ്ധതിയിലും പോസ്റ്റല്‍ നിക്ഷേപത്തിലുമായി ഉണ്ട്.
13.14 ലക്ഷം രൂപ വിലമതിക്കുന്ന വാഹനവും 21 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും സ്വന്തം പേരിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."