HOME
DETAILS
MAL
സെമിയില്‍ തോറ്റ് യുനൈറ്റഡ്
backup
July 21, 2020 | 4:27 AM
വെംബ്ലി: ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഹിയയുടെ പിഴവിന് ഇന്നലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നല്‍കേണ്ടി വന്നത് വന്‍ വില. അനായാസം തടുക്കേണ്ടിയിരുന്ന ഷോട്ടുകള്‍ ഒന്നിന് പിറകെ മറ്റൊന്നായി ഡി ഹിയ കൈവിട്ടപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് നഷ്ടമായത് ഒരു മത്സര ജയത്തിന് ശേഷമുള്ള എഫ്.എ കപ്പ് കിരീടം. സീസണിലെ പ്രീമിയര്‍ ലീഗില്‍ പ്രതാപകാലത്തിന്റെ പ്രകടനം കാഴ്ചവെച്ച് കപ്പുയര്‍ത്താന്‍ കഴിയാതിരുന്നത് എഫ്.എ കപ്പിലൂടെ തിരിച്ചു പിടിക്കാമെന്ന മോഹമാണ് ഡി ഹിയയിലൂടെ യുനൈറ്റഡിന് പൊലിഞ്ഞത്. ചെല്‍സിയുടെ തട്ടകത്തില്‍ നടന്ന നിര്‍ണായകമായ എഫ്.എ കപ്പ് സെമി ഫൈനലില്‍ 3-1നായിരുന്നു യുനൈറ്റഡിന്റെ തോല്‍വി. തുടക്കത്തിലെ പതനത്തിന് ശേഷം പ്രീമിയര്‍ ലീഗില്‍ വന്‍ തിരിച്ചുവരവ് നടത്തിയ ശേഷമാണ് യുനൈറ്റഡിന് എഫ്.എ കപ്പില്‍ തോല്‍വി വഴങ്ങേണ്ടി വന്നത്. പന്തടക്കത്തില്‍ യുനൈറ്റഡിനാണ് നേരിയ മുന്‍തൂക്കമെങ്കിലും ആക്രമണത്തില്‍ ചെല്‍സി യുനൈറ്റഡിനെ പിന്നിലാക്കി.
ചെല്‍സിയുടെ രണ്ടു ഗോളുകളും ഡിഹിയയുടെ പിഴവില്‍ നിന്നായിരുന്നു. യുനൈറ്റഡ് ക്യാപ്റ്റന്‍ ഹാരി മഗ്വയറിന്റെ സെല്‍ഫ് ഗോളും ചെല്‍സിക്ക് തുണയായി. ഒലിവര്‍ ജിറൂഡ് (45), മാസണ്‍ മൗണ്ട് (46) എന്നിവരാണ് ചെല്‍സിയുടെ സ്‌കോറര്‍മാര്‍. യുനൈറ്റഡിനായി ബ്രൂണോ ഫെര്‍ണാണ്ടസ് ആശ്വാസഗോള്‍ നേടി.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുന്‍പാണ് ഡിഹിയക്ക് ആദ്യ പിഴവെത്തുന്നത്. സെസാര്‍ അസ്പിലിക്യൂട്ടയുടെ ക്രോസ് ജിറൂഡ് ഫ്‌ളിക്ക് ചെയ്ത് വല ലക്ഷ്യമായിട്ടു. അനായാസമായെത്തിയ പന്ത് ഡിഹിയയുടെ കൈയില്‍ തൊട്ടെങ്കിലും നേരെ വലയിലേക്ക്.
രണ്ടാം പകുതിയാരംഭിച്ച് ആദ്യ മിനിറ്റില്‍ വീണ്ടും ഡിഹിയയുടെ പിഴവില്‍ നിന്ന് ചെല്‍സി ലീഡുയര്‍ത്തി. ബ്രെന്‍ഡന്‍ വില്ല്യംസിന്റെ പാസ് ബോക്‌സിനരികില്‍ നിന്നും പിടിച്ചെടുത്ത മാസന്‍ മൗണ്ട് നേരെ വലയിലേക്കടിക്കുകയായിരുന്നു. അനായാസം തടുക്കാമായിരുന്ന ഈ ഷോട്ടും ഡിഹിയ വിട്ടുകളഞ്ഞു.
74ാം മിനിറ്റില്‍ മഗ്വയറിന്റെ സെല്‍ഫ് ഗോള്‍ യുനൈറ്റഡിന്റെ തോല്‍വിയുറപ്പാക്കി. ഡി ഹിയയുടെ തൊട്ടു മുന്‍പില്‍ വച്ച് അന്റോണിയോ റൂഡിഗറുടെ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള മഗ്വയറുടെ ശ്രമം ഗോളില്‍ കലാശിക്കുകയായിരുന്നു. 85ാം മിനുട്ടില്‍ യുനൈറ്റഡിനായി ലഭിച്ച പെനാല്‍റ്റി ബ്രൂണോ ഫെര്‍ണാണ്ടസ് ലക്ഷ്യത്തിലെത്തിച്ചെങ്കിലും ഫൈനല്‍ ടിക്കറ്റിന് അത് മതിയായിരുന്നില്ല.
ഈ സീസണില്‍ ഇതിനു മുന്‍പ് നടന്ന മൂന്നു മത്സരങ്ങളിലും ചെല്‍സി യുനൈറ്റഡിനോടു തോറ്റിരുന്നു. എന്നാല്‍ അതെല്ലാം കാറ്റില്‍ പറത്തിയുള്ള മത്സരമായിരുന്നു ഇന്നലെ ബ്ലൂസ് പുറത്തെടുത്തത്. ഇതോടെ ആഗസ്റ്റ് ഒന്നിനു നടക്കുന്ന ഫൈനലില്‍ ചെല്‍സി ആഴ്‌സനലുമായി ഏറ്റുമുട്ടും. ശനിയാഴ്ച മറ്റൊരു സെമിയില്‍ ആഴ്‌സനല്‍ 2-0നു മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."