പാട്ടക്കരാര്‍ ലംഘിച്ച തോട്ടങ്ങള്‍ ഏറ്റെടുക്കല്‍: വനംവകുപ്പിന്റെ നീക്കത്തിന് മുഖ്യമന്ത്രിയുടെ ഓഫിസ് തടയിട്ടു
തിരുവനന്തപുരം: നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘിച്ച തോട്ടങ്ങള്‍ ഏറ്റെടുക്കാനുള്ള വനംവകുപ്പിന്റെ നീക്കത്തിന് മുഖ്യമന്ത്രിയുടെ ഓഫിസ് തടയിടുന്നു. തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതിനെ അനുകൂലിച്ച് നിയമ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ വീണ്ടും എ.ജിയുടെ നിയമോപദേശത്തിനു വിട്ടിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫിസിപ്പോള്‍.
നെല്ലിയാമ്പതിയില്‍ പാട്ടത്തിന് നല്‍കിയ ഏഴ് എസ്റ്റേറ്റുകളിലെ 2000 ഏക്കര്‍ തോട്ടം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി ഫെബ്രുവരി 14നാണ് വനം മന്ത്രി കെ.രാജു അറിയിച്ചത്.
മണലാരു, പോത്ത്പാറ, കരടിമല, ലില്ലി, കൊച്ചിന്‍ മണലാരു, വിക്ടോറിയ, മോംഗ് വുഡ് എന്നീ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാനായിരുന്നു തീരുമാനം. അനുമതിയില്ലാതെയുള്ള കൈമാറ്റം, ചട്ട ലംഘിച്ചുള്ള ബാങ്ക് വായ്പ, മരംമുറി അടക്കമുള്ള കരാര്‍ ലംഘനങ്ങളായിരുന്നു കാരണം.
ഈ ഏറ്റെടുക്കലിനെ ആദ്യം അനുകൂലിച്ച മുഖ്യമന്ത്രി പിന്നെ കൂടുതല്‍ ചര്‍ച്ച വേണമെന്ന നിലപാടെടുക്കുകയായിരുന്നു എന്നാണ് വിവരം. തിരിച്ചെടുക്കാന്‍ തത്വത്തില്‍ ധാരണ ഉണ്ടായെങ്കിലും ഉത്തരവ് ഇറങ്ങിയില്ല. കഴിഞ്ഞയാഴ്ച ഫയല്‍ നിയമ സെക്രട്ടറിക്ക് കൈമാറി. ഏറ്റെടുക്കുന്നതില്‍ നിയമ തടസമില്ലെന്ന ഉപദേശവും കിട്ടി. എന്നാല്‍ പിന്നെയും ഉപദേശം തേടാനാണ് തീരുമാനമായത്. അങ്ങനെയാണ് ഫയല്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന് വിട്ടത്.
തൊഴിലാളികളെ ഇറക്കി തീരുമാനം അട്ടിമറിക്കാനുള്ള ഉടമകളുടെ നീക്കങ്ങളാണ് സര്‍ക്കാരിന്റെ മെല്ലെപോക്കിന് പിന്നിലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."