ബ്ലേഡ് മാഫിയകള്‍ വീണ്ടും സജീവമാകുന്നു
അമ്പലപ്പുഴ: ഒരിടവേളയ്ക്കു ശേഷം ബ്ലേഡ് മാഫിയകള്‍ വീണ്ടും ജില്ലയില്‍ സജീവമാകുന്നു. പുന്നപ്ര, കുറവന്‍തോട്, വണ്ടാനം, ചള്ളികടപ്പുറം എന്നീ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ബ്ലേഡ്മാഫിയകള്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
കൂടുതലും മത്സ്യതൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.
മുന്‍ കാലങ്ങളില്‍ കൊടുത്ത തുക ഉടന്‍തന്നെ തിരികെ കിട്ടണമെന്ന ആവശ്യവുമായാണ് ഇവര്‍ മത്സ്യതൊഴിലാളികളുടെയും മറ്റനുബന്ധ തൊഴിലാളികളുടെയും വീടുകള്‍ കയറിയിറങ്ങുന്നത്. ഇതോടെ ഇവരുടെ ശല്യം സഹിക്കാനാവാതെ വിഷമിക്കുകയാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍.
മാസങ്ങളായി മത്സ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പട്ടിയില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കാണ് ബ്ലേഡ്കാരില്‍നിന്നും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൂടി അനുഭവിക്കേണ്ടി വരുന്നത്.
പണം കടം വാങ്ങി വള്ളമിറക്കി മത്സ്യബന്ധനത്തിന് പോകുന്ന ഇവര്‍ക്ക് മത്സ്യം ലഭിക്കാത്തയിനെ തുടര്‍ന്ന് വള്ളം കരയില്‍ കയറ്റി വയ്ക്കുകയാണ് പതിവ്. ഇതോടെയാണ് ഇവര്‍ക്ക് വന്‍ കടബാദ്ധ്യതയുണ്ടാകുന്നത്.
വരുമാനം ഇല്ലാതെ വിഷമിക്കുന്ന അവസ്ഥയിലാണ് മുന്‍കാലങ്ങളില്‍ വാങ്ങിയ പണവും പലിശയും ഉള്‍പ്പെടെ വന്‍ തുക ആവശ്യപ്പെട്ട് ബ്ലേഡ്മാഫിയകള്‍ വൈകുന്നേരങ്ങളില്‍ വീടുകള്‍ കയറിയിറങ്ങുന്നത്.
മത്സ്യം കിട്ടി വിറ്റുകഴിഞ്ഞ് തന്നാല്‍ മതിയെന്ന സമ്മതപ്രകരാമാണ് പണം നല്‍കുന്നതെങ്കിലും അതിനുള്ള സമയം നല്‍കാതെയാണ് പണത്തിനായി ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. നിരവധിപേരില്‍നിന്നും ഇവര്‍ ഈടായി ചെക്കും, മുദ്രപത്രവും എഴുതിവാങ്ങിയതായും പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."