യു.കെയുമായി മികച്ച ബന്ധമെന്ന് ട്രംപ്: ട്രംപിന്റെ സന്ദര്‍ശനത്തിനെതിരേ വന്‍ പ്രതിഷേധം
ലണ്ടന്‍: യു.കെയുമായി മികച്ച പ്രത്യേകബന്ധമാണുള്ളതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബ്രക്‌സിറ്റ് അവിശ്വസനീയമായ അവസരങ്ങളാണ് തുറുന്നിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദി സണ്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ബ്രക്‌സിറ്റ് തീരുമാനം വ്യാപാര കരാറുകളെ തകര്‍ക്കുമെന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെ യു.കെ പ്രധാനമന്ത്രി തെരേസാ മേയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരേസാ മേയെ താന്‍ വിമര്‍ശിച്ചിട്ടില്ല. അവരോട് വളരെയധികം ബഹുമാനമാണുള്ളതെന്ന് ട്രംപ്. പ്രധാനമന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് അവര്‍ നടത്തുന്നത്. യു.കെ യുമായി മികച്ച ഉഭയകക്ഷിബന്ധമാണ് യു.എസ് പ്രതീക്ഷിക്കുന്നത്.
യൂറോപ്യന്‍ യൂനിയനുമായി പിന്‍വാങ്ങുന്നതുമായി ബന്ധപ്പെട്ട് തെരേസാ മേയെ ഉപദേശിച്ചിട്ടില്ലെന്നും കേവലം നിര്‍ദേശമാണ് സമര്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. യു.എസുമായി മികച്ച ബന്ധമാണ് സൂക്ഷിക്കുന്നതെന്നും അവരുമായി വ്യാപാര കരാറുകള്‍ നടത്തുമെന്നും തെരേസാ മേ പറഞ്ഞു.
അതിനിടെ ട്രംപിന്റെ സന്ദര്‍ശനത്തിനെതിരേ യു.കെയില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. സെന്‍ട്രല്‍ ലണ്ടനില്‍ നടന്ന പ്രതിഷേധ റാലിയില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. ട്രംപിന്റെ മുഖമുള്ള ഹീലിയം നിറച്ച ബേബി ട്രംപ് ബലൂണുകള്‍ പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ പറത്തി. ട്രംപ് പോകുന്നിടത്തൊക്കെ പ്രതിഷേധിക്കാനാണ് തീരുമാനം.
ട്രംപിനെതിരേയുള്ള പ്രതിഷേധത്തിന് ലണ്ടന്‍ മേയര്‍ സാദിഖ് ഗാന്റെ നിശബ്ദ പിന്തുണയുമുണ്ട്. സമാധാനമായി പ്രതിഷേധിക്കുന്നവരെ എങ്ങനെ തടയാനും നിരോധിക്കാനുമാകും എന്നായിരുന്ന ബലൂണ്‍ ട്രംപിനെകുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സാദിഖ് ഗാന്റെ മറുപടി. ബ്രസല്‍സിലെ ഉച്ചകോടിക്ക് ശേഷമാണ് ട്രംപ് നാല് ദിവസത്തെ സന്ദര്‍ശനത്തിനായി യു.കെയില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."