തായ് കുട്ടികള്‍ക്കും കോച്ചിനും ആറ് മാസത്തിനുള്ളില്‍ പൗരത്വം നല്‍കും
ബാങ്കോക്ക്: താം ലുവാങ് ഗുഹയില്‍ അകപ്പെട്ട കുട്ടികളില്‍ പൗരത്വമില്ലാത്ത മൂന്ന് പേര്‍ക്കും കോച്ചിനും ആറുമാസത്തിനുള്ളില്‍ പൗരത്വം നല്‍കുമെന്ന് തായ്‌ലന്‍ഡ്. ബാങ്കോക്കിലെ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍ഡിപെന്‍ഡന്റ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സാധാരണയായി ഇവര്‍ക്ക് തായ്‌ലന്‍ഡ് പൗരത്വം ലഭിക്കാന്‍ നിയമപ്രകാരം പത്ത് വര്‍ഷത്തോളം കാത്തിരിക്കേണ്ടിവരുമെന്ന് ന്യൂനപക്ഷ വിഭാഗമായ തായ് ലൂ പ്രതിനിധി പറഞ്ഞു. ഫുട്‌ബോള്‍ ടീം അംഗങ്ങളായ പോര്‍ചായ് കിലോങ്, അദുല്‍ സാം ഒന്‍, മെങ്കകോല്‍ ബുന്‍പിയാം, കോച്ച് ഇകപോല്‍ ചന്ദവോങ് എന്നിവര്‍ക്കാണ് തായ്‌ലന്‍ഡ് പൗരത്വമില്ലാത്തത്. ഇവര്‍ വടക്കന്‍ തായ്‌ലന്‍ഡിലെ പൊറോസ് മേഖലയില്‍ നിന്നോ, മ്യാന്‍മറിലെ ഷാന്‍ പ്രവിശ്യയില്‍ നിന്നോ വന്നവരാണ്.
പൗരത്വമില്ലാത്തതിനാല്‍ ടീമിലെ മറ്റു അംഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും ഈ നാല് പേര്‍ക്കും ലഭിക്കില്ല. മൂന്ന് കുട്ടികള്‍ക്ക് തായ് തിരിച്ചറിയല്‍ കാര്‍ഡുള്ളതിനാല്‍ ചില അവകാശങ്ങള്‍ മാത്രം ലഭിക്കും. എന്നാല്‍ കോച്ചിന് ഒരു ആനുകൂല്യവും സര്‍ക്കാര്‍ നല്‍കുന്നില്ല. പൗരത്വമില്ലാത്തവരായി തായ്‌ലന്‍ഡില്‍ അഞ്ചു ലക്ഷം പേരുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.
അതിനിടെ ഫുട്‌ബോള്‍ ടീം ഗുഹയില്‍ ചെലവഴിക്കാന്‍ കരുതിയത് ഒരു മണിക്കൂര്‍ മാത്രമായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ഫുട്‌ബോള്‍ പരിശീലനം കഴിഞ്ഞ ഉടനെ ഗുഹയില്‍ ഒരു മണിക്കൂര്‍ കളിക്കാന്‍ പോവുമെന്ന് 13 കാരനായ ടീം ക്യാപ്റ്റന്‍ ദുങ്‌പെച്ച് പ്രോംതെപ്പ് പറഞ്ഞതായി പിതാവ് ബാന്‍പത് കോര്‍ണാകം പറഞ്ഞു. ഇതിനിടെയാണ് ശക്തമായ മഴ പെയ്തതിനാല്‍ അവര്‍ ഗുഹക്കകത്ത് കുടുങ്ങി. രക്ഷാപ്രവര്‍ത്തകര്‍ കുട്ടികളെ കണ്ടെത്തുമ്പോള്‍ അവര്‍ ശാന്തരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."