സ്പിന്നിങ് മില്‍ അഴിമതി: വ്യവസ്ഥ ലംഘിച്ചാല്‍ സഹായം തടയുമെന്ന് സര്‍ക്കാര്‍ : സ്റ്റോര്‍ പര്‍ച്ചേസ് നിയമങ്ങള്‍ കര്‍ശനമാക്കും
തൊടുപുഴ: പൊതുമേഖലയിലും സഹകരണ മേഖലയിലും പ്രവര്‍ത്തിക്കുന്ന സ്പിന്നിങ് മില്ലുകള്‍ അഴിമതിയുടെ കൂത്തരങ്ങായതിനേത്തുടര്‍ന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍. സ്പിന്നിങ് മില്ലുകളിലെ നൂല്‍ വില്‍പ്പന, അസംസ്‌കൃത വസ്തുക്കള്‍ വാങ്ങല്‍, നിയമനങ്ങള്‍, മില്ലിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് മാനദണ്ഡം നിശ്ചയിച്ച് രജിസ്ട്രാറായ ഹാന്റ്‌ലൂം ആന്‍ഡ് ടെക്‌സ്റ്റൈല്‍സ് ഡയരക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കിവരുന്ന സര്‍ക്കാര്‍ സഹായം തടയും. സ്പിന്നിങ് മില്ലുകളിലെ അഴിമതി പുറത്തുകൊണ്ടുവന്നത് സുപ്രഭാതമാണ്.
സഹകരണ സ്പിന്നിങ് മില്ലുകള്‍, ഇന്റര്‍ഗ്രേറ്റഡ് പവര്‍ലൂം സംഘങ്ങള്‍ എന്നിവിടങ്ങളില്‍ സ്റ്റോര്‍ പര്‍ച്ചേസ് നിയമങ്ങള്‍ക്ക് വിധേയമായി മാത്രമേ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുകയോ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയോ ചെയ്യാവൂ. സ്പിന്നിങ് മില്ലുകള്‍ ഏജന്‍സികള്‍ മുഖേന നൂല്‍ വില്‍പ്പന നടത്തുകയാണെങ്കില്‍ ഏജന്‍സിയെ സ്റ്റോര്‍ പര്‍ച്ചേസ് റൂളിന് വിധേയമായി മാത്രം തെരഞ്ഞെടുക്കേണ്ടതാണ്. സ്ഥാപനങ്ങളിലെ കെട്ടിടനിര്‍മാണവും അറ്റകുറ്റപ്പണികളും പൊതുമരാമത്ത് വകുപ്പിന്റെ മാനദണ്ഡത്തിന് വിധേയമായി മാത്രമേ ചെയ്യാവൂ. ജീവനക്കാരുടെ നിയമനങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച സേവന, റിക്രൂട്ട്‌മെന്റ് നിയമങ്ങള്‍ക്ക് അനുസൃതമായി അംഗീകരിച്ച തസ്തികകളില്‍ മാത്രം നടത്തേണ്ടതാണെന്നും ഹാന്റ്‌ലൂം ആന്‍ഡ് ടെക്‌സ്റ്റൈല്‍സ് ഡയരക്ടര്‍ കെ. സുധീര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.
സര്‍ക്കാര്‍ അനുമതിയില്ലാതെ കണ്ണൂര്‍, ആലപ്പുഴ സ്പിന്നിങ് മില്ലുകള്‍ മുംബൈയില്‍ തുടങ്ങിയ ശാഖ അടച്ചുപൂട്ടേണ്ടി വരും. ടെണ്ടര്‍ വിളിക്കാതെ സ്വകാര്യ ഏജന്റ് മുഖേനയാണ് ശാഖ തുടങ്ങിയത്. ഇതോടെ ഹാന്റ്‌ലൂം ഡയരക്ടറുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു സംസ്ഥാനങ്ങളില്‍ ശാഖ, ഡിപ്പോ, വില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങിയത് എന്ന എംഡിമാരുടെ വാദം പൊളിയുകയാണ്.
പൊതുമേഖലാ സ്പിന്നിങ് മില്ലുകളുടെ കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 71.01 കോടി രൂപയാണ്. അസംസ്‌കൃത വസ്തുവായ പോളിസ്റ്റര്‍, കോട്ടണ്‍ എന്നിവ വാങ്ങുന്നതിലും നൂല്‍ വില്‍പ്പനയിലും നടക്കുന്ന വ്യാപക അഴിമതിയാണ് മില്ലുകളെ വലിയ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."