ബാബരി മസ്ജിദ് തകര്‍ത്തത് ഹിന്ദു താലിബാനെന്ന് രാജീവ് ധവാന്
ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്തത് ഹിന്ദു താലിബാന് ആണെന്ന് സുന്നി വഖ്ഫ് ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് രാജീവ് ധവാന് സുപ്രിംകോടതിയില്‍. അഫ്ഗാനില്‍ ചരിത്രപ്രസിദ്ധമായ ബാമിയാന്‍ ബുദ്ധപ്രതിമകള്‍ താലിബാന് തകര്‍ത്തതുപോലെ ഇന്ത്യയില്‍ ബാബരി മസ്ജിദ് ഹിന്ദു താലിബാനികള്‍ തകര്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ കോടതിയില്‍ വിശ്വാസമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുന്‍പാകെയുള്ള ഒരുകൂട്ടം ഹരജികളില്‍ വാദംകേള്‍ക്കവെയാണ് സുന്നി വഖ്ഫ് ബോര്‍ഡിന്റെ അഭിഭാഷകന് ഇങ്ങനെ അഭിപ്രായപ്പെട്ടത്. കേസില്‍ ഈ മാസം 20ന് വീണ്ടും വാദംകേള്‍ക്കും.
എന്നാല്‍, കേസ് ഭരണഘടനാ ബെഞ്ചിന് വിടേണ്ട ആവശ്യമില്ലെന്ന് ശീഈ വഖ്ഫ് ബോര്‍ഡ് കോടതിയെ അറിയിച്ചു. രാജ്യതാല്‍പ്പര്യത്തിനുവേണ്ടി ഭൂമിവിട്ടുനല്കാന് തയാറാണെന്നും വിഷയത്തില്‍ രമ്യമായ പരിഹാരമാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയിലെ അയോധ്യയില്‍ പള്ളി നിലനിന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ടുള്ള 2010 മെയിലെ അലഹബാദ് ഹൈക്കോടതി ലഖ്നോ ബെഞ്ചിന്റെ വിധിക്കെതിരായ ഹരജിയാണ് ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസായി സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. പള്ളി നിലനിന്ന ഭൂമി സുന്നി വഖ്ഫ് ബോഡ്, ഹൈന്ദവട്രസ്റ്റുകളായ നിര്‍മോഹി അഖാറ, രാംലാല എന്നിവര്‍ക്കായി വീതിച്ചുനല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ വിധി.
ഇതില്‍ സുന്നി വഖ്ഫ് ബോര്‍ഡിനു ലഭിച്ച ഭൂമി വിട്ടുനല്‍കാന്‍ തയാറാണെന്നാണ് ശീഈ ബോര്‍ഡ് ഇന്നലെ കോടതിയില്‍ പറഞ്ഞത്. എന്നാല്‍, നിലവില്‍ സുപ്രിംകോടതി മുന്‍പാകെയുള്ള കേസില്‍ ശീഈ ബോര്‍ഡിനു ഇടപെടാനുള്ള യാതൊരു അവകാശവുമില്ലെന്ന് സുന്നി വഖ്ഫ് ബോര്‍ഡ് വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."