കലവറയിലും കള്ളന്‍; നിര്‍മിതി കേന്ദ്രം ദുരിതം പേറുന്നു
ആലപ്പുഴ: ഈടുറ്റതും ഗുണമേന്മയും ചെലവ് കുറഞ്ഞതുമായ വീടുകള്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നിര്‍മിച്ചു നല്‍കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തൊട്ടാകെ കൊട്ടിഘോഷിച്ച് തുറന്ന നിര്‍മിതി കേന്ദ്രങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ . ഏറെ ഭംഗിയുളള വീടുകള്‍ കുറഞ്ഞനിരക്കില്‍ നിര്‍മിച്ച് നല്‍കുവാന്‍ വേണ്ടി പ്രത്യേക ശില്‍പികളെ തന്നെ സര്‍ക്കാര്‍ ഈ കേന്ദ്രങ്ങളില്‍ നിയമിച്ചിരുന്നു.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കരാറുകള്‍ക്ക് പുറമെ സ്വകാര്യ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുന്നതിന് നിര്‍മിതിക്ക് അധികാരം നല്‍കിയിരുന്നു. പ്രകൃതിക്ക് ഇണങ്ങുന്നതും പരിസ്ഥിതി യോഗ്യവുമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രാദേശിക തലത്തില്‍ ലഭ്യമാകുന്ന വസ്തുവകകള്‍ ഉപയോഗിച്ചാണ് നിര്‍മിതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരുന്നത്. എന്നാല്‍ അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ദ്ധനവും കുറഞ്ഞ വേതന നിരിക്കില്‍ തൊഴിലാളികളെ ലഭ്യമാകാതിരുന്നതും നിര്‍മ്മിതിക്ക് തിരിച്ചടിയായി. ഇതോടെ സര്‍ക്കാരിന്റെ കീഴിലുളള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മാത്രം നിര്‍മിതി ഒതുങ്ങി.
1989 ല്‍ തുടക്കമിട്ട കേന്ദ്രം ഇപ്പോള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. സംസ്ഥാനത്തെ മിക്ക കേന്ദ്രങ്ങളും ഇപ്പോള്‍ നാഥനില്ലാ കളരിയാണ്. നിര്‍മിതിയുടെ സേവനം സാധാരണക്കാരില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2009 ല്‍ കേന്ദ്രത്തോട് ചേര്‍ന്ന് കലവറ എന്ന പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. അനധികൃതമായി കടത്തിക്കൊണ്ടുപോകുന്ന മണല്‍ പിടിക്കൂടി നിര്‍മിതി കേന്ദ്രത്തില്‍ സംഭരിച്ച് പാവങ്ങള്‍ക്ക് വീടുകള്‍ നിര്‍മിക്കാന്‍ കുറഞ്ഞനിരക്കില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നു. ഇത്തരത്തില്‍ ആദ്യമൊക്കെ അനധികൃത മണല്‍ പിടിച്ച് അതത് ജില്ലകളിലെ നിര്‍മിതി കേന്ദ്രങ്ങളില്‍ എത്തിക്കുന്ന പതിവ് നടപ്പിലായി. എന്നാല്‍ ആദ്യ ഒന്നര വര്‍ഷം മാത്രമാണ് കവലറ പ്രവര്‍ത്തിച്ചത്. പിന്നീട് കലവറിയിലും കളളന്‍ കൈയിട്ടു.
ബി.പി.എല്‍ ഗണത്തില്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് 600 സ്‌ക്വയര്‍ ഫീറ്റ് വീടുവയ്ക്കാന്‍ കുറഞ്ഞനിരക്കില്‍ അസംസ്‌കൃത വസ്തുക്കള്‍ ഇവിടെനിന്നും വിതരണം ചെയ്തിരുന്നു. കമ്പി, മണല്‍, സിമന്റ്, ഗ്രാവല്‍ എന്നിവയായിരുന്നു നിര്‍മിതി കേന്ദ്രങ്ങളില്‍നിന്നും വിതരണം ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി കലവറ നിശ്ചലമായിട്ട്. ആലപ്പുയില്‍ കാടു കയറിക്കിടക്കുന്ന നിര്‍മിതി കേന്ദ്രത്തില്‍ 11 ഓളം ജീവനക്കാരാണ് പണിയെടുക്കുന്നത്.ജില്ലയില്‍ പിടിക്കൂടുന്ന മണല്‍ നിര്‍മിതി കേന്ദ്രത്തില്‍ എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഉത്തരവ് പാലിക്കപ്പെടാറില്ല. അതേസമയം മണല്‍ വിവിധ സ്ഥലങ്ങളില്‍ പിടിക്കൂടാറുണ്ടെങ്കിലും കേന്ദ്രത്തിലെത്തിക്കാറില്ലെന്നും ജീവനക്കാര്‍ പറയുന്നു. നേരത്തെ പിടിക്കൂടി മണല്‍ ഇപ്പോള്‍ കാടുകയറിയ നിലയിലാണ്.
സാധാരണക്കാരന് വിതരണം ചെയ്യാന്‍ എത്തിച്ച കോണ്‍ക്രീറ്റ് കട്ടിളകളും ജനലുകള്‍ ഇപ്പോള്‍ ഉപയോഗശൂന്യമായി കഴിഞ്ഞു. കലവറയും സ്വകാര്യ കരാറുകളും അന്യമായതോടെ നിര്‍മിതി കേന്ദ്രങ്ങളുടെ നില്‍നില്‍പ്പുതന്നെ ചോദ്യചിഹ്നമാകുകയാണ്. 1990 ഡിസംബറില്‍ അന്നത്തെ ഭവന മന്ത്രി ലോനപ്പന്‍ നമ്പാടനാണ് ആലപ്പുഴയില്‍ നിര്‍മിതി കേന്ദ്രത്തിന് ശിലയിട്ടത്. പിന്നീട് 1994 ല്‍ റവന്യു മന്ത്രി കെ.എം മാണി കേന്ദ്രം നാടിനായി തുറന്നു.
കാല്‍നൂറ്റാണ്ടിന്റെ പടിവാതുക്കല്‍ എത്തിനില്‍ക്കുന്ന കേന്ദ്രം ഇപ്പോള്‍ ഊര്‍ധ്വശ്വാസം വലിക്കുകയാണ്. അധികൃതരുടെ ശക്തമായ നിലപാടുകള്‍ ഈ കേന്ദ്രത്തെ ഒരുപക്ഷെ കരകയറ്റിയേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."