മോശം കാലാവസ്ഥ: വിമാനം റണ്‍വെയില്‍നിന്ന് തെന്നിമാറി
നെടുമ്പാശ്ശേരി :അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനം നിയന്ത്രണം വിട്ട് റണ്‍വെയില്‍ നിന്നും തെന്നി മാറി. വന്‍ ദുരന്തം ഒഴിവായത് പൈലറ്റിന്റെ മനസാന്നിധ്യം മൂലം. ഇന്നലെ പുലര്‍ച്ചെ 2.30 ഓടെ ദോഹയില്‍ നിന്നും എത്തിയ ഖത്തര്‍ എയര്‍വെയ്‌സ് വിമാനമാണ് അപകടത്തില്‍പെട്ടത്. ശക്തമായ കാറ്റും മഴയും ഉണ്ടായത് മൂലം കാലാവസ്ഥ മോശമായതാണ് പ്രശ്‌നമായത്.വിമാനം ലാന്‍ഡ് ചെയ്യുന്നതിന് സിഗ്‌നല്‍ ലഭിച്ചതിനെ തുടര്‍ന്ന് റണ്‍വെയില്‍ പ്രവേശിക്കുന്നതിനിടെ പെട്ടെന്നുണ്ടായ ശക്തമായ കാറ്റും മഴയും മൂലം പൈലറ്റിന് റണ്‍വെ വ്യക്തമായി കാണാന്‍ കഴിയാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലം യാത്രക്കാര്‍ പോലും അറിയാത്ത വിധം ഞൊടിയിടയില്‍ വിമാനം നിയന്ത്രണ വിധേയമാക്കുകയായിരുന്നു. റണ്‍വെയില്‍ നിന്നും 20 മീറ്ററോളം ദൂരത്തില്‍ തെന്നി മാറി ഓടിയ വിമാനം റണ്‍വെയുടെ അരികില്‍ സ്ഥാപിച്ചിരുന്ന പത്തോളം ഇലക്ട്രിക് പോസ്റ്റുകളും ഒരു ലീഡ് ഇന്‍ ലൈറ്റ് ഉള്‍പ്പെടെ ഏതാനും സിഗ്‌നല്‍ ലൈറ്റുകളും തകര്‍ത്തിട്ടുണ്ട്. ഇതിനിടെ വിമാനത്തിന്റെ പിന്നിലെ ടയറിനും തകരാര്‍ സംഭവിച്ചു.
പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റത്തില്‍ റണ്‍വെ വ്യക്തമാകാതിരുന്നതിനാല്‍ വിമാനം റണ്‍വെയുടെ സെന്റര്‍ ലൈനില്‍ ഇറക്കുന്നതിന് പകരം വലതു വശത്ത് നൂറ് അടി മാറിയാണ് ഇറങ്ങിയത്.വിമാനം അറ്റകുറ്റപ്പണികള്‍ക്കായി ടാക്‌സി ബേയിലേക്ക് മാറ്റി. ഈ വിമാനം ഇന്നലെ പുലര്‍ച്ചെ 3.30 ന് ദോഹയിലേക്ക് മടങ്ങേണ്ടതായിരുന്നു. സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ 10.30 ന് പുറപ്പെട്ട മറ്റൊരു വിമാനത്തില്‍ യാത്രക്കാര്‍ ദോഹയിലേക്ക് യാത്രയാക്കി.അപകടം സംബന്ധിച്ച് വ്യോമയാന മന്ത്രാലയവും സിയാലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."