ദുല്‍ഹിജ്ജയുടെ ശ്രേഷ്ഠത
മഹാമാരിക്കിടയിലാണ് ഈ വര്‍ഷത്തെ ഹജ്ജ് വന്നെത്തിയിരിക്കുന്നത്. കടുത്ത നിയന്ത്രണങ്ങളോടെയാണ് ഹജ്ജിന് സഊദി ഭരണകൂടം സംവിധാനം ഒരിക്കിയിരിക്കുന്നത്. പതിനായിരം പേരില്‍ പരിമിതപ്പെടുത്തി കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഹജ്ജ് നിര്‍വഹിക്കുക എന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്. എന്നാല്‍, സമാഗതമായ ഹജ്ജ് മാസത്തിന്റെ പവിത്രത നാം ജീവിക്കുന്ന സാഹചര്യങ്ങളും സാമൂഹിക ചുറ്റുപാടുകളും മോശമാണെന്നു കരുതി കുറയുന്നില്ല. പരീക്ഷണകാലത്തും അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനാണ് വിശ്വാസി ശ്രമിക്കേണ്ടത്.
ഏറെ പവിത്രമായ ദിനങ്ങളാണ് ദുല്‍ഹിജ്ജ മാസത്തിലെ ആദ്യത്തെ പത്ത് ദിനങ്ങള്‍. തിരുനബി (സ) പറഞ്ഞു: 'ഈ പത്ത് ദിവസങ്ങളെക്കാള്‍ അല്ലാഹുവിന് സല്‍കര്‍മങ്ങള്‍ ഇഷ്ടമുള്ള മറ്റൊരു ദിനങ്ങളുമില്ല. സ്വഹാബികള്‍ ചോദിച്ചു, അപ്പോള്‍ ജിഹാദോ? നബി(സ) പറഞ്ഞു: ഒരാള്‍ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക് പോയി, ഒന്നും തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അര്‍പ്പിച്ച് രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ ജിഹാദ് പോലും പുണ്യമുള്ളതായിത്തീരുകയില്ല (ബുഖാരി).അല്ലാഹു ആദരിച്ചവയുടെ പവിത്രത സൂക്ഷിക്കല്‍ തഖ്‌വയുടെ മാനദണ്ഡമായിട്ടാണ് അല്ലാഹു വിശേഷിപ്പിക്കുന്നത്. ' അല്ലാഹു പവിത്രത നല്‍കിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്നപക്ഷം അത് തന്റെ രക്ഷിതാവിന്റെ അടുക്കല്‍ അവന്ന് ഗുണകരമായിരിക്കും(അല്‍ഹജ്ജ്: 30). വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്നപക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ തഖ്‌വയില്‍ പെട്ടതാണ് (അല്‍ഹജ്ജ്: 32).
ദുല്‍ഹിജ്ജ മാസം അല്ലാഹു പവിത്രമാക്കിയ നാല് മാസങ്ങളില്‍ ഒന്നാണ്. അതിനെ അതര്‍ഹിക്കുന്ന പരിഗണനയോടെ സ്വീകരിക്കണം. അതില്‍ തിന്മ ചെയ്യുകയെന്നത് മറ്റു സന്ദര്‍ഭങ്ങളെക്കാള്‍ ഗൗരവമാണ് എന്ന് വിശുദ്ധ ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നു. അല്ലാഹു പറയുന്നു: 'ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം മുതല്‍ക്കേ അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം പവിത്രമാക്കപ്പെട്ട ( യുദ്ധം വിലക്കപ്പെട്ട) മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ ( നാല് ) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്(തൗബ: 36). ഏത് മാസത്തിലായാലും തെറ്റുകള്‍ ചെയ്യരുത് എന്നത് തന്നെയാണ് ഇസ്‌ലാം പഠിപ്പിക്കുന്നതെങ്കിലും ഈ നാല് മാസങ്ങളില്‍ നിങ്ങള്‍ തെറ്റുകള്‍ ചെയ്യരുത് എന്ന് പറഞ്ഞത് ഈ മാസങ്ങളിലെ ഗൗരവം വര്‍ധിക്കുമെന്നതിനെയാണ് സൂചിപ്പിക്കുന്നത്.
'അതിനാല്‍ ആ നാല് മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്' എന്ന അല്ലാഹുവിന്റെ വചനത്തെ വിശദീകരിച്ചുകൊണ്ട് ഇബ്‌നു അബ്ബാസ് (റ) പറയുന്നു: 'എല്ലാ മാസങ്ങളിലും അപ്രകാരം തന്നെ. എന്നാല്‍ ആ നാല് മാസങ്ങളെ പ്രത്യേകമായി എടുത്തു പറഞ്ഞതിലൂടെ അവയെ പവിത്രമാക്കുകയും അവയുടെ പവിത്രതയെ അങ്ങേയറ്റം മഹത്വപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ആ മാസത്തില്‍ പ്രവര്‍ത്തിക്കുന്ന പാപം കൂടുതല്‍ ഗൗരവമുള്ളതാണ്. ആ മാസത്തില്‍ ചെയ്യുന്ന സല്‍കര്‍മങ്ങളും അതിന് ലഭിക്കുന്ന പ്രതിഫലവും കൂടുതല്‍ ശ്രേഷ്ഠവുമാണ്.
അനുഗ്രഹങ്ങള്‍ക്ക് നന്ദിയര്‍പ്പിക്കല്‍ നിര്‍ബന്ധമാണ്. അനുഗ്രഹദാതാവിനുള്ള നന്ദി യഥാര്‍ഥത്തില്‍ തനിക്ക് വേണ്ടി തന്നെയുള്ളതാണ്. അല്ലാഹു പറയുന്നു: 'ആര്‍ നന്ദികാണിച്ചാലും അവന്റെ ഗുണത്തിനായി തന്നെയാണ് അവന്‍ നന്ദികാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു' (ലുഖ്മാന്‍: 12).
ദുല്‍ഹിജ്ജയിലെ ഓരോ ദിനങ്ങള്‍ക്കും പവിത്രതയുണ്ടെങ്കിലും ആദ്യത്തെ പത്തു ദിനങ്ങള്‍ക്ക് വളരെ പുണ്യമുണ്ട്. ഹജ്ജിന്റെ ദിനങ്ങളായി തുടര്‍ന്നുവരുന്ന അയ്യാമുത്തശ്‌രീഖിന്റെ ദിനങ്ങള്‍ക്കും പുണ്യമുണ്ട്. അറഫാ ദിനത്തിന് വളരെയധികം ശ്രേഷ്ഠതയാണുള്ളത്. അവകളെയെല്ലാം പവിത്രമായി പരിഗണിച്ച് ആരാധനാനിരതരാകാന്‍ നമുക്ക് സാധിക്കണം.
ദുല്‍ഹിജ്ജയിലെ ഒന്‍പത് ദിനങ്ങളിലും നോമ്പ് സുന്നത്താണ്. ഇമാം അഹ്മദ് നിവേദനം ചെയ്യുന്നു: നബി തിരുമേനി (സ) ദുല്‍ഹിജ്ജയുടെ പത്തുകളില്‍ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു. അറഫാ ദിനമായ ദുല്‍ഹിജ്ജ ഒമ്പത് വളരെ പ്രാധാന്യമുള്ള ദിനമാണ്. അറഫാ ദിനത്തിലെ നോമ്പിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോള്‍ നബി(സ) പറഞ്ഞു: കഴിഞ്ഞുപോയ ഒരു വര്‍ഷത്തിലെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തിലെയും പാപം അല്ലാഹു അത് മുഖേന പൊറുക്കുമെന്നാണ് ഞാന്‍ വിചാരിക്കുന്നത് (മുസ്‌ലിം).
തക്ബീര്‍ ചൊല്ലലും പ്രത്യേകം സുന്നത്താണ്. പെരുന്നാള്‍ ദിനത്തിലും അയ്യാമുത്തശ്‌രീഖിലും പ്രത്യേകം ശ്രദ്ധചെലുത്തണം. ഉള്ഹിയ്യത്തും വളരെ ശ്രേഷ്ഠമാണ്. പെരുന്നാല്‍ ദിനവും തുടര്‍ന്നുള്ള അയ്യാമുത്തശ്‌രീഖിന്റെ ദിനങ്ങളുമാണ് അതിന്റെ ദിനങ്ങള്‍. ഇബ്‌റാഹീം നബി(അ)മിന്റെ ചര്യ പുനര്‍ജീവിപ്പിക്കലാണ് അതിന്റെ ആത്മാവ്. ഹാജിമാര്‍ ഹജ്ജ് ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ ബലികര്‍മത്തില്‍ ഏര്‍പ്പെടുന്നു. അല്ലാഹു നമുക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹങ്ങളില്‍ ഒന്നാണിത്. വളരെ ഭീതിദമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന നാം ഉത്തരം ലഭിക്കുന്ന സമയങ്ങളും സന്ദര്‍ഭങ്ങളും പരമാവധി ഉപയോഗിക്കണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഉള്ഹിയ്യത്ത് കര്‍മങ്ങളിലും മറ്റ് അനുഷ്ഠാനങ്ങളിലും നാം കര്‍മനിരതരാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."