മാഫിയയുടെ നിയന്ത്രണം പട്യാലയില്‍ നിരോധിത ഉത്തേജക മരുന്നിന്റെ ദക്ഷിണേന്ത്യന്‍ ഹബ്ബ് കോയമ്പത്തൂര്‍
തിരുവനന്തപുരം: 'സ്‌പോര്‍ട് മെഡിസിന്‍ ഇന്ത്യ' എന്ന പേരില്‍ ഫേസ്ബുക്കിലൂടെ നിരോധിത ഉത്തേജക മരുന്നുകളുടെ വില്‍പനയ്ക്ക് പിന്നില്‍ മുന്‍ കായിക താരങ്ങള്‍.രാജ്യമൊട്ടാകെ പടര്‍ന്നു കിടക്കുന്ന മാഫിയയെ നിയന്ത്രിക്കുന്നത് പട്യാലയില്‍ നിന്നും. ദക്ഷിണേന്ത്യയില്‍ ഉത്തേജക മരുന്ന് വിപണനം നടത്തുന്നത് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച്. റഷ്യന്‍ നിര്‍മിത ഉത്തേജക മരുന്നുകള്‍ പട്യാലയില്‍ എത്തിച്ചാണ് രാജ്യത്തൊട്ടാകെയുള്ള ഏജന്റുമാര്‍ക്ക് കൈമാറുന്നത്.
പട്യാലയിലെ മിക്ക മെഡിക്കല്‍ ഷോപ്പുകളിലും റഷ്യന്‍ നിര്‍മിത നിരോധിത ഉത്തേജക മരുന്നുകള്‍ സുലഭമാണ്. ചില മുന്‍ അത്‌ലറ്റുകള്‍ ഉള്‍പ്പെട്ട മാഫിയയാണ് രാജ്യത്തെ കൗമാര കായിക താരങ്ങള്‍ ഉള്‍പ്പടെയുള്ളവരെ വലയില്‍ വീഴ്ത്തുന്നത്. ഫേസ്ബുക്ക് അക്കൗണ്ടിനെ പിന്തുടര്‍ന്നു സുപ്രഭാതം നടത്തിയ അന്വേഷണത്തിലാണ് ദക്ഷിണേന്ത്യയിലെ വില്‍പന കേന്ദ്രം കോയമ്പത്തൂരിലാണെന്ന് കണ്ടെത്തിയത്. കോയമ്പത്തൂരിലെ ഗാന്ധിപുരത്തുനിന്നും എട്ടു കിലോ മീറ്റര്‍ അകലെ വടവളി കേന്ദ്രീകരിച്ചാണ് ദക്ഷിണേന്ത്യയില്‍ അത്‌ലറ്റുകള്‍ക്ക് ഉത്തേജക മരുന്ന് വിപണനം ചെയ്യുന്നത്. പണം വില്‍പനക്കാരന്‍ നല്‍കുന്ന അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ ആവശ്യമുള്ള ഉത്തേജക മരുന്ന് കൊറിയറായി കൈയിലെത്തും.അണ്ടര്‍ 20 സ്പ്രിന്റ് താരമെന്ന് പരിചയപ്പെടുത്തിയാണ് കച്ചവടക്കാരനെ ബന്ധപ്പെട്ടത്. 11.01 സെക്കന്റ് വേഗതയില്‍ 100 മീറ്റര്‍ ഓടിയിട്ടുണ്ടെന്ന് അറിയിച്ചു. ഇതോടെയാണ് ഉത്തേജക മരുന്നുകളും അവയുടെ ഉപയോഗവും പറഞ്ഞു തന്നത്. 100 മീറ്ററിലെ പ്രകടനം 10 സെക്കന്റില്‍ വരെ മെച്ചപ്പെടുത്താന്‍ അക്ടോവിജിന്‍ ഉപയോഗിക്കാനാണ് ഉപദേശം. ഡോക്ടറുടെ കുറിപ്പടിയോടെ ലഭിക്കുന്ന പല ബ്രാന്‍ഡുകളിലുള്ള അക്ടോവിജിന് വിപണിയില്‍ 4500 രൂപ വില വരുമെന്നും താന്‍ വില്‍ക്കുന്ന റഷ്യന്‍ നിര്‍മിത അക്ടോവിജിന് 3500 രൂപ നല്‍കിയാല്‍ മതിയെന്നും ഉത്തേജക കച്ചവടക്കാരന്‍ വ്യക്തമാക്കി.
ഫുഡ് സപ്ലിമെന്റുകളും പ്രോട്ടീന്‍ പൗഡറുകളും കഴിക്കണം. അതിനൊപ്പം അക്ടോവിജിനും ഉപയോഗിക്കാനാണ് ഉപദേശം. 400 മീറ്റര്‍ മുതലുള്ള മധ്യദീര്‍ഘ അത്‌ലറ്റുകള്‍ പ്രകടനം മെച്ചപ്പെടുത്താന്‍ ഹ്യുമോഡ്രോപ് ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചു. ഹ്യുമോഡ്രോപ്, എരിത്രോ പ്രോട്ടീന്‍, മെഡോനേറ്റ്, അക്ടോവിജിന്‍ ഉള്‍പ്പടെ എല്ലാവിധ വിദേശ നിര്‍മിത ഉത്തേജക മരുന്നുകളും തന്റെ പക്കലുണ്ടെന്ന് വില്‍പ്പനക്കാരന്‍ അവകാശപ്പെട്ടു. മുന്‍ കായിക താരമാണ് മരുന്ന് മാഫിയയില്‍ ഉള്‍പ്പെട്ട ഇയാളെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഗോവിന്ദ് എന്നാണ് പേരു വെളിപ്പെടുത്തിയത്. ഗോവിന്ദിന് പുറമേ നിരവധി മുന്‍ അത്‌ലറ്റുകള്‍ നിരോധിത ഉത്തേജക മരുന്നുകളുടെ കച്ചവടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇയാളുടെ ഇടപാടുകാരില്‍ മലയാളി അത്‌ലറ്റുകളില്‍ ഏറെയും പാലക്കാട് നിന്നുള്ളവരാണ്.പരിശീലകര്‍ തന്നെ ഉത്തേജക മരുന്നുകള്‍ക്കായി സമീപിക്കാറുണ്ടെന്നും ഗോവിന്ദ് വ്യക്തമാക്കി. ഇന്നലെ 45,000 രൂപയുടെ ഉത്തേജക മരുന്നിന് പാലക്കാട് നിന്നുള്ള പരിശീലകന്‍ എത്തുമെന്നും ഗോവിന്ദ് വെളിപ്പെടുത്തി. കേരളത്തിലെ അത്‌ലറ്റുകള്‍ നന്നായി ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്നവരാണെന്നാണ് ഗോവിന്ദിന്റെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."