ഭരണനേട്ടം പറയാന്‍ കഴിയാത്തവര്‍ യു.ഡി.എഫിനെ ഒരുമിച്ച് ആക്രമിക്കുന്നു
തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായപ്പോള്‍ എന്താണ് വിലയിരുത്തല്‍?
ഐക്യജനാധിപത്യ മുന്നണിക്ക് അനൂകൂലമായ സാഹചര്യമാണ് ഇത്തവണ രൂപപ്പെട്ടിരിക്കുന്നത്. 20 സീറ്റിലും യു.ഡി.എഫ് വിജയപ്രതീക്ഷയിലാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി കൂടി എത്തിയതോടെ കേരള രാഷ്ട്രീയത്തില്‍ വലിയ മുന്നേറ്റമാണ് യു.ഡി.എഫിന് ലഭിച്ചിരിക്കുന്നത്. കേന്ദ്രത്തിലെയും കേരളത്തിലെയും ഭരണപക്ഷക്കാര്‍ക്ക് അവരുടെ ഭരണനേട്ടങ്ങള്‍ നിരത്തി വോട്ട് തേടാന്‍ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ടു തന്നെ അവര്‍ യു.ഡി.എഫിനെ തകര്‍ക്കാന്‍ ഒരുമിച്ച് ആക്രമിക്കുകയാണ്. അതുകൊണ്ടാണ് രാഹുല്‍ കേരളത്തില്‍ ജനവിധി തേടുന്നതില്‍ ഇരുകൂട്ടരും വെപ്രാളപ്പെടുന്നത്. ഇരുകൂട്ടര്‍ക്കും രാഹുല്‍ തലവേദനയാണ്. അതിനാല്‍ അവര്‍ രാഹുലിനെ എതിര്‍ക്കുന്നതില്‍ ഒറ്റക്കെട്ടായിരിക്കും.
രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വം ബി.ജെ.പി നിരന്തരം വര്‍ഗീയവല്‍ക്കരിക്കുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വെല്ലുവിളിയായി മാറുമോ?
ബി.ജെ.പി പരാജയം തിരിച്ചറിയുന്നതിനാലാണ് വര്‍ഗീയത പച്ചയായി പറയുന്നത്. രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയായില്ലെങ്കിലും അവര്‍ വര്‍ഗീയ പ്രചാരണം നടത്തും. അവരെ സംബന്ധിച്ചടത്തോളം ജനങ്ങളെ ഭിന്നിപ്പിക്കല്‍ മാത്രമാണ് അജന്‍ഡ.വര്‍ഗീയതയും ചേരിതിരിവും ഉണ്ടാക്കാന്‍ അവര്‍ ആസൂത്രിത നീക്കമാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.പി മുഖ്യമന്ത്രി യോഗിയും അമിത് ഷായും വര്‍ഗീയവിഷം ചീറ്റുന്ന പരമാര്‍ശങ്ങളുമായി എത്തുന്നത് അതുകൊണ്ടാണ്. ഹിന്ദുക്കളെ നേരിടാന്‍ ഭയമായതിനാല്‍ വയനാട്ടിലേക്ക് ഒളിച്ചോടിയെന്ന മോദി ഉള്‍പ്പെടെയുള്ള നേതാക്കളുടെ പരമാര്‍ശം എത്രമാത്രം അപകടകരമാണ്. 52 ശതമാനം ഹിന്ദുമതവിശ്വാസികള്‍ താമസിക്കുന്ന മണ്ഡലമാണ് വയനാട്. മതേതരത്വം ഉയര്‍ത്തിപ്പിടിച്ചു സാഹോദര്യത്തോടെ നീങ്ങുന്ന നാട്ടില്‍ ഭിന്നിപ്പിക്കാനുള്ള നീക്കം വയനാട് നിവാസികളെ അധിക്ഷേപിക്കുന്നതിനു തുല്യമാണ്. വികസനം പറഞ്ഞാല്‍ വിജയിക്കുകയില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് വീണ്ടും വര്‍ഗീയ കരുനീക്കങ്ങള്‍ നടത്തുന്നത്. ബി.ജെ.പി പ്രകടനപത്രികയില്‍ വര്‍ഗീയ വിഷയങ്ങള്‍ തന്നെ വീണ്ടും സ്ഥാനം പിടിച്ചിരിക്കുകയാണ്. പക്ഷെ അതു ജനം തിരിച്ചറിയും. മോദിയുടെ അഞ്ചു വര്‍ഷത്തെ ഭരണം വിലയിരുത്തി തന്നെ ജനം വിധിയെഴുതും. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യത്ത് ശക്തമായ സര്‍ക്കാര്‍ തിരിച്ചെത്തും.
രാഹുലിന്റെ സ്ഥാനാര്‍ഥിത്വം യു.ഡി.എഫിനു നല്‍കുന്ന ആവേശം എത്രത്തോളം വോട്ടാക്കി മാറ്റാന്‍ കഴിയും?
കേരളത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആഗ്രഹമായിരുന്നു രാഹുലിന്റെ സ്ഥാനാര്‍ഥിത്വം. അതു യാഥാര്‍ഥ്യമായതോടെ രാഹുലിനെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയപ്പിക്കുകയെന്നത് കേരളജനതയുടെ ആവശ്യമായി മാറി. വയനാട്ടില്‍ വളരെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്കാണ് യു.ഡി.എഫ് നേതൃത്വം രൂപം നല്‍കിയിരിക്കുന്നത്. ഈ ആവേശം കേരളത്തിലെ 20 സീറ്റുകളിലും പ്രതിഫലിക്കും. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ഈ തെരഞ്ഞെടുപ്പില്‍ രാഹുലിനൊപ്പം ഡല്‍ഹിയിലേക്കു പോകാന്‍ മറ്റു 19 സീറ്റിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കും അവസരം ഒരുങ്ങുമെന്നത്. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം കേരളത്തിനു പുറമെ ദക്ഷിണേന്ത്യ മുഴുവന്‍ ആവേശം സൃഷ്ടിക്കുന്നതാണ്. അതു തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുക തന്നെ ചെയ്യും.
ഇടതുമുന്നണിയും രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിക്കുകയാണല്ലോ?
ബി.ജെ.പി ഭയപ്പെടുന്നതുപോലെ തന്നെയാണ് ഇടതുമുന്നണിയുടെ കാര്യവും. പിണറായി സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ നേട്ടങ്ങള്‍ ചര്‍ച്ചയാക്കാന്‍ ഇല്ലാത്തതിനാല്‍ അവരും വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ മത്സരിക്കുകയാണ്. രാഹുലിന്റെ വരവ് കേരളത്തിലെ ഇടതുമുന്നണിക്കാണ് തിരിച്ചടിയാകുന്നതെന്ന് അവര്‍ക്കറിയാം. ഇവിടെ ബി.ജെ.പിയല്ല കോണ്‍ഗ്രസിന്റെ മുഖ്യശത്രു. ഇടതുമുന്നണിയും ഐക്യജനാധിപത്യ മുന്നണിയും തമ്മിലാണ് ഇവിടെ മത്സരം. ഇടതുപക്ഷത്തിന് ആകെ പ്രതീക്ഷയുണ്ടായിരുന്നത് കേരളത്തില്‍ നിന്നുള്ള സീറ്റായിരുന്നു. രാഹുലിന്റെ വരവോടെ അതും ഇല്ലാതായി. ഭരണനേട്ടം പറയാനില്ലെന്നു മാത്രമല്ല ഇപ്പോള്‍ പ്രളയത്തിലൂടെ കേരളത്തിന് സംഭവിച്ച നഷ്ടത്തിനു മറുപടി പറയേണ്ട സര്‍ക്കാരിന്റെ വീഴ്ച കൂടി അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടോടെ പുറത്തുവന്നിരിക്കുകയാണ്.
ഇടതുപക്ഷത്തെ കുറ്റപ്പെടുത്താന്‍ ഇല്ലെന്നതാണല്ലോ രാഹുല്‍ പറഞ്ഞത്?
അത് അദ്ദേഹത്തിന്റെ ഔന്നിത്യമാണ്. രാഷ്ട്രീയമായി കേരളത്തില്‍ ഇടതുപക്ഷത്തിന് ചുട്ട മറുപടി നല്‍കാന്‍ ഇവിടെ ഞങ്ങള്‍ സംസ്ഥാന നേതാക്കള്‍ തന്നെ ധാരാളം. അതുകൊണ്ടു മുഖ്യമന്ത്രിയുടെയും ഇടതുനേതാക്കളുടെയും പ്രസ്താവനകള്‍ക്ക് അതേ ഭാഷയില്‍ തന്നെ ചുട്ട മറുപടി നല്‍കും.
സര്‍ക്കാരിന്റെ വീഴ്ചകളായ പ്രളയവും മസാല ബോണ്ട് ഇടപാടുമെല്ലാം തെരഞ്ഞെടുപ്പില്‍ വിഷയമാക്കാന്‍ യു.ഡി.എഫ് വൈകിയോ?
പ്രളയം സംബന്ധിച്ച കാര്യങ്ങള്‍ നിയമസഭയിലും പിന്നീട് സര്‍ക്കാരിനോട് നേരിട്ടും പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ഞാന്‍ ആവശ്യപ്പെട്ടതായിരുന്നു. പ്രളയം സംബന്ധിച്ച് ആക്ഷേപമുള്ളതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം, നഷ്ടപരിഹാരം നല്‍കാന്‍ ട്രിബ്യൂണല്‍ രൂപീകരിക്കണം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പ്രളയത്തിനുള്ള സഹായം പ്രത്യേക അക്കൗണ്ടാക്കി മാറ്റണം എന്നീ ആവശ്യങ്ങള്‍ നേരത്തെ തന്നെ ഉന്നയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അനുകൂലമല്ലാത്തിനാലാണ് ഞാന്‍ ഹൈക്കോടതിയെ സമീപിച്ചതും കോടതി അമിക്കസ് ക്യൂറിയെ വച്ചതും. ഇക്കാര്യം തെരഞ്ഞെടുപ്പിന്റെ ആദ്യം മുതല്‍ പ്രചാരണവിഷയമാക്കിയില്ലെന്നത് നേരാണ്. പിന്നെ മസാല ബോണ്ട് ഇടപാട് സംബന്ധിച്ച എല്ലാകാര്യങ്ങളും സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നില്ല. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയുടെ പങ്കാളിത്തമുള്ള ഒരു കമ്പനിയില്‍ നിന്നാണ് നിക്ഷേപം സ്വീകരിച്ചതെന്ന് പിന്നീട് വെളിപ്പെട്ട കാര്യമാണ്. അതും ജനങ്ങള്‍ക്കു മുന്‍പാകെ ഈ തെരഞ്ഞെടുപ്പ് വേളയില്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ജനദ്രോഹ നയങ്ങളും അഴിമതിയുമെല്ലാം യു.ഡി.എഫ് ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്്. പക്ഷെ കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്നത് വിവാദങ്ങളാണെന്നു മാത്രം.
കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരേ ഉയര്‍ന്ന ആരോപണം തിരിച്ചടിയായോ?
ഒരു തിരിച്ചടിയുമുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സി.പി.എം നടത്തുന്ന പരിപാടിയാണിത്. എം.കെ രാഘവനെ കോഴിക്കോട്ട് തോല്‍പിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയപ്പോള്‍ ആരോണപണവുമായി രംഗത്തുവരികയാണ്. ജനങ്ങള്‍ക്കിടയില്‍ സുതാര്യമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തെ ജനങ്ങള്‍ക്കറിയാം. ആക്ഷേപവുമായി രംഗത്തുവന്ന ചാനലിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് പരാതി നല്‍കിയത്. പിന്നില്‍ ആരാണെന്ന് അന്വേഷിക്കട്ടെ. കുടിലതന്ത്രങ്ങള്‍ ജനം തിരിച്ചറിയും. ഇത്തവണയും യു.ഡി.എഫ് സ്ഥാനാര്‍ഥി വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. യു.ഡി.എഫിനെ ദുര്‍ബലമായ ആരോപണങ്ങളാല്‍ തകര്‍ക്കാന്‍ കഴിയില്ലെന്ന്് എതിരാളികള്‍ക്കും ബോധ്യമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."