എ.എന്‍ ഷംസീറിന്റെ ഭാര്യയുടെ നിയമനം; ഹൈക്കോടതി സര്‍വകലാശാലയോട് വിശദീകരണം തേടി
കൊച്ചി: എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയുടെ വിവാദ നിയമനവുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സര്‍വകലാശാലയുടെ വിശദീകരണം തേടി.
ഷംസീറിന്റെ ഭാര്യയുടെ നിയമനത്തിനായി കണ്ണൂര്‍ സര്‍വകലാശാലവിജ്ഞാപനവും റാങ്ക് ലിസ്റ്റും തിരുത്തിയെന്നു ചൂണ്ടിക്കാട്ടി റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരി ഡോ.എം.പി ബിന്ദു നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബഞ്ച് വിശദീകരണം തേടിയത്.റാങ്കും വിജ്ഞാപനവും മറികടന്നു ഷംസീറിന്റെ ഭാര്യ ഷഹലയ്ക്ക് നിയമനം നല്‍കിയെന്നാണ് ഹരജിയിലെ ആരോപണം.
കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ എം.എഡ് വിഭാഗത്തില്‍ താല്‍ക്കാലിക അസി. പ്രൊഫസറുടെ ഒഴിവിലേക്ക് ഒന്നാം റാങ്കു കാരിയായ എം.പി ബിന്ദുവിനെ മറികടന്നു രണ്ടാം റാങ്കുകാരിയായ ഷംസീറിന്റെ ഭാര്യക്ക് നിയമനം നല്‍കുകയായിരുന്നു. യൂനിവേഴ്‌സിറ്റി ചട്ടങ്ങള്‍ മറികടന്നാണ് നിയമനം നടത്തിയിരിക്കുന്നതെന്നും ഹരജിയില്‍ പറയുന്നു. ജനറല്‍ കാറ്റഗറിയില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം ഒ.ബി.സി മുസ്്‌ലിം എന്നാക്കി തിരുത്തിയാണ് നിയമനം നല്‍കിയിരിക്കുന്നതെന്ന് ഹരജിക്കാരി ചൂണ്ടിക്കാട്ടി. ഷംസീറിന്റെ ഭാര്യ രണ്ടാം റാങ്കുകാരിയായതുകൊണ്ടാണ് സംവരണാടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ സര്‍വകലാശാല തീരുമാനിച്ചതെന്നും ആരോപിക്കുന്നു.
ദേശീയ, അന്തര്‍ദേശീയ തലത്തിലുള്ള സെമിനാര്‍ അവതരണം, പബ്ലിക്കേഷന്‍ എന്നിവ അടിസ്ഥാനമാക്കിയാണ് നിയമനം എന്നായിരുന്നു വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്. സര്‍വകലാശാല പഠന വകുപ്പിലെ ഓരോ വിഷയത്തിനും പ്രത്യേക സംവരണം ഏര്‍പ്പെടുത്തുന്ന രീതി നിലവിലില്ലെന്നും ഹരജിയില്‍ പറയുന്നു. ജസ്റ്റിസ് എ .മുഹമ്മദ് മുഷ്താഖാണ് സര്‍വകലാശാലയോട് വിശദീകരണം ബോധിപ്പിക്കാന്‍ നിര്‍ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."