മാരീചന്മാര്‍ വിഹരിക്കും കാലം
ജനാധിപത്യത്തിന്റെ കാവലാളാണ് പ്രതിപക്ഷം. എന്നാല്‍ കൊവിഡ് ഭീതിയില്‍ കേരളം മുഴുവന്‍ വിറകൊള്ളുന്ന വേളയില്‍ പ്രതിപക്ഷ നേതാവ് ദിനേനയെന്നോണം സര്‍ക്കാരിനെതിരേ ആരോപണങ്ങളുമായി വരുമ്പോള്‍, തുടക്കത്തില്‍ അവ ബാലിശമായേ ജനങ്ങള്‍ കണ്ടുള്ളൂ. കൊവിഡ് വ്യാപന നിയന്ത്രണത്തില്‍ പ്രശംസകളുടെ കൊടുമുടിയേറി നില്‍ക്കുന്ന മുഖ്യമന്ത്രിയോടും സര്‍ക്കാരിനോടുമുള്ള കുശുമ്പായിരിക്കുമെന്നാണ് ബുദ്ധിജീവികള്‍പോലും വിലയിരുത്തിയത്. പോകെപ്പോകെ ചെന്നിത്തല ഓരോന്നായി പുറത്തിട്ടപ്പോഴാണ് ജനങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതും ഇയാളിതെങ്ങനെ ഒപ്പിക്കുന്നുവെന്നു അത്ഭുതം കൂറിയതും. ആദ്യം വന്നത് സ്പ്രിംഗ്ലര്‍ ആയിരുന്നു. അമേരിക്കയില്‍ തന്നെ വിവാദങ്ങളില്‍പ്പെട്ട് അവിടെ അനഭിമതരായ കമ്പനിയാണ് അതെന്നും, കൊവിഡ് രോഗികളുടെ വിവരങ്ങള്‍ വിറ്റു കാശാക്കാനുള്ള പരിപാടിയാണെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ കണ്ടെത്തല്‍. പിടിച്ചുനില്‍ക്കാന്‍ സര്‍ക്കാര്‍ പരമാവധി നോക്കിയെങ്കിലും കോടതിയില്‍ ചീറ്റിപ്പോയത് കാരണം തീരുമാനം മാറ്റേണ്ടിവന്നു, അതിലൂടെ വിദേശ കമ്പനികള്‍ക്ക് പോകുമായിരുന്ന കോടികള്‍ ഖജനാവിന് നഷ്ടമായില്ല.
അതുപോലെ തെരുവോരങ്ങളില്‍ കൂട്ടംകൂടിനിന്ന് സര്‍ക്കാരിനെ പഴി പറയാന്‍ കള്ള് കുടിയന്മാര്‍ക്ക് അവസരം കൊടുത്ത 'ബെവ്ക്യു ആപ്പിന്റെ' കാര്യവും വ്യത്യസ്തമല്ലായിരുന്നു. സ്റ്റാര്‍ട്ടപ്പ് എന്ന പേരില്‍ സ്വന്തക്കാര്‍ക്ക് പതിച്ചുകൊടുത്ത ആപ്പിന്റെ കരാര്‍ ഏറ്റവും ചുരുങ്ങിയത് ഐ.ടി ബാലപാഠമെങ്കിലും അറിയുന്ന ആര്‍ക്കെങ്കിലും കൊടുത്തിരുന്നുവെങ്കില്‍ ഈ ഗതി വരില്ലായിരുന്നു.
ഇ - മൊബിലിറ്റിയുടെ കാര്യം പറയുമ്പോള്‍ ഓര്‍മ വരുന്നത്, മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാവതെ വിയര്‍ത്തു കുളിക്കുന്ന പാവം ഗതാഗത മന്ത്രിയുടെ കാര്യമാണ്. താനറിയാതെ, തന്റെ വകുപ്പറിയാതെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് ഇലക്ട്രിക്ക് ബസുകളുടെ കരാര്‍ കൊടുത്തതിന്റെ വിവരമറിയാതെ ഇരുട്ടില്‍ തപ്പുകയായിരുന്നു വകുപ്പ് മന്ത്രി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമാണ് കാറ്റില്‍ പറന്നത്, ബ്യൂറോക്രാറ്റ് മേല്‍ക്കോയ്മയാണ് വെളിവായത്. അനുമാനങ്ങള്‍ വിരല്‍ ചൂണ്ടുന്നത് സ്വജനപക്ഷപാതത്തിലേക്കും ഗുരുതരമായ കൃത്യവിലോപത്തിലേക്കുമാണ്. അതുകൊണ്ടൊക്കെയാവാം സി.പി.ഐയുടെ ഭാഷയില്‍ മാരീച വേഷത്തില്‍ വന്ന കണ്‍സള്‍ട്ടന്‍സിക്ക് എല്ലാം തീറെഴുതിക്കൊടുക്കാന്‍ തുനിഞ്ഞത്. അതിനു പറ്റിയ ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായാല്‍ എല്ലാം കുശാല്‍. പന്ത്രണ്ടാം ക്ലാസും ഗുസ്തിയുമുള്ള മഹതിക്ക് ഐ.എ.എസുകാരോട് അടുത്ത ശമ്പളം, മുഖ്യമന്ത്രിയുടെ ഐ.ടി ഫെല്ലോ എന്നപേരില്‍ വേറൊരാള്‍ക്ക് ലക്ഷത്തിലേറെ ശമ്പളം, വിദേശ യാത്രകള്‍. എല്ലാം ശിവശങ്കര തീരുമാനം. ജോലിക്കപേക്ഷിച്ചു വേഴാമ്പലുകളെപ്പോലെ കാത്തിരിക്കുന്ന വിദ്യാസമ്പന്നരെ മാപ്പ്.
ഏതായാലും നമ്മുടെ സാമ്പത്തിക വിശാരദന്‍ മന്ത്രി പ്രതിപക്ഷ നേതാവിനോട് നന്ദി പറയണം. ഇടയ്ക്കിടെ ശമ്പളത്തിനും മറ്റത്യാവശ്യങ്ങള്‍ക്കും പണമില്ലെന്ന് പറഞ്ഞു കേഴുന്ന അദ്ദേഹത്തിന് ചെലവഴിക്കാന്‍ എത്രയെത്ര കോടികളാണ് ചെന്നിത്തല ഈ കണ്ടെത്തലുകളിലൂടെ നേടിക്കൊടുത്തത്. എന്നാലും കൊവിഡ് ഫണ്ട് പ്രത്യേക അക്കൗണ്ടിലേക്കു മാറ്റിച്ചതിനു ഐസക്ക് സാറിന് ഈര്‍ഷ്യ തീര്‍ന്നിട്ടുണ്ടാവില്ല.
ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്ന വിഷയത്തില്‍ സര്‍ക്കാരിനെതിരേ എതിര്‍പ്പു രൂക്ഷമായപ്പോള്‍ അന്നത്തെ ബി.ജെ.പി പ്രസിഡന്റ് അതൊരു 'സുവര്‍ണാ'വസരമായി കണ്ടു. ഇപ്പോഴിതാ സ്വര്‍ണക്കടത്തിലൂടെ ശരിയായ സുവര്‍ണാവസരം ചെന്നിത്തലക്കും കൂട്ടര്‍ക്കും കൈവന്നിരിക്കുന്നു. പിണറായി ഭരണത്തെ 'കണ്‍സള്‍ട്ടന്‍സി രാജ്' എന്ന് വിശേഷിപ്പിച്ച രമേശിന്റെ ഭാഷ്യം ശരിവയ്ക്കുന്നു സി.പി.ഐ. പമ്പയിലെ മണല്‍ക്കടത്തിന്റെ കാര്യത്തിലും അവര്‍ക്കൊരേ സ്വരമായിരുന്നു. സ്വര്‍ണക്കടത്തു ചോദ്യം ചെയ്യുന്ന വേളയില്‍ 'താന്‍ വിചാരിക്കുന്നതെല്ലാം സെക്രട്ടേറിയറ്റില്‍ നടത്താന്‍ കഴിയുമെന്ന' അര്‍ഥത്തില്‍ ശിവശങ്കര്‍ പറഞ്ഞതായി പ്രതികള്‍ അന്വേഷണ ഏജന്‍സികളോട് വെളിപ്പെടുത്തിയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കഷ്ടം, എന്നല്ലാതെന്തു പറയും.
പ്രതിപക്ഷം ജനാധിപത്യത്തിന്റെ സംരക്ഷകരാണെന്നു പറയുന്നത് പോലെ, ഫോര്‍ത് എസ്റ്റേറ്റ് എന്ന് വിളിക്കുന്ന വാര്‍ത്താ മാധ്യമങ്ങളുടെ കാര്യവും വിഭിന്നമല്ല. എന്നാല്‍ പലപ്പോഴും മുഖ്യമന്ത്രി അവരുടെ ചോദ്യങ്ങളെ കളിയാക്കുകയും വേണ്ടത്ര ഗൗനിക്കാതിരിക്കുകയും ചെയ്യുന്നത് ഒരു ജനാധിപത്യ സംവിധാനത്തില്‍ ഭൂഷണമാണോ, ആലോചിക്കേണ്ടതാണ്. മാധ്യമങ്ങള്‍ ജനങ്ങളുടെ നാവാണ്. അവരുടെ താല്‍പര്യങ്ങളാണ് മാധ്യമ പ്രവര്‍ത്തകര്‍ പ്രകടിപ്പിക്കുന്നത്. ഏതായാലും പാര്‍ട്ടി സെക്രട്ടറിയും കൂട്ടരും മന്ത്രിമാരുടെ ഓഫിസുകള്‍ക്കു മൂക്കുകയറിടാന്‍ (അതോ മന്ത്രിമാര്‍ക്കോ) പോവുകയാണത്രെ. മാരീചന്മാരെ തിരിച്ചറിയുമെന്നും ഈ രാഷ്ട്രീയ പൊറാട്ടുനാടകങ്ങളൊന്നും കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍നിന്ന് നമ്മെ പിന്തിരിപ്പിക്കുകയില്ലെന്നും പ്രത്യാശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."