സഹകരണ ബാങ്കുകളില്‍ കെട്ടികിടക്കുന്ന പണം കാര്‍ഷിക മേഖലക്ക്: മന്ത്രി എ.സി മൊയ്തീന്‍
എരുമപ്പെട്ടി: സഹകരണ ബാങ്കുകളില്‍ കെട്ടി കിടക്കുന്ന പണം കാര്‍ഷിക മേഖലക്ക് ഉപയോഗപ്രദമായ രീതിയില്‍ വിനിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി സംസ്ഥാന ജില്ലാ ബാങ്കുകളെ യോജിപ്പിച്ച് സംസ്ഥാന ബാങ്ക് സംവിധാനം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. വെള്ളറക്കാട് സര്‍വിസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച ഞാറ്റ്‌വേല ചന്തയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കാത്തതും പച്ചക്കറിയുടെ സംഭരണവും വിതരണവും കാര്യക്ഷമമായി നടക്കാത്തതുമാണ് കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാന്‍ കാരണമാകുന്നത്. യുവ തലമുറയെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്ന വിധത്തില്‍ ആധുനിക സംവിധാനങ്ങളുമായി കൃഷി ബന്ധപ്പെടുത്തണെമെന്നും കൃഷിവകുപ്പും സഹകരണവകുപ്പും സംയുക്തമായി കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണവും വിതരണവും മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കുമെന്നും മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.എം നൗഷാദ് അധ്യക്ഷനായി. പ്രശസ്ത നോവലിസ്റ്റ് ടി.ഡി രാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി സുമ, കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്‍, വൈസ് പ്രസിഡന്റ് സുഗിജ സുമേഷ്, സ്റ്റാന്റിങ് ചെയര്‍മാന്‍മാരായ ടി.പി ജോസഫ്, കെ.ആര്‍ സിമി, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എം മുഹമ്മദ്കുട്ടി, ജലീല്‍ ആദൂര്‍, കെ.ഡി ബാഹുലേയന്‍, പി.എസ് പ്രസാദ് സംസാരിച്ചു. ചടങ്ങില്‍ മികച്ച കര്‍ഷകരേയും, വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തികളേയും ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളേയും ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."