അനുജിത്ത് ഒരു മാതൃകയാണ്; മരണത്തിനപ്പുറവും അവന്റെ ഹൃദയം സ്പന്ദിക്കും
സ്വന്തം ലേഖകര്‍
തിരുവനന്തപുരം/കൊച്ചി: അനുജിത്ത് ഹൃദയമുള്ളവര്‍ക്ക് ഒരു ജീവിത പാഠമാണ്. മരണത്തിനപ്പുറവും അവന്റെ ഹൃദയം സ്പന്ദിക്കും, ഹൃദയം മാത്രമല്ല, കൈകകളും കണ്ണുകളും വൃക്കകളുമെല്ലാം. 2010 ഓഗസ്റ്റ് 31ന് പാളത്തില്‍ വിള്ളല്‍ കണ്ടതിനെത്തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്താന്‍ അര കിലോമീറ്ററോളം ട്രാക്കിലൂടെ ചുവന്ന സഞ്ചിയും വീശി ഓടിയ ചന്ദനത്തോപ്പ് ഐ.ടി.ഐ വിദ്യാര്‍ഥികളുടെ മുന്‍നിരയിലുണ്ടായിരുന്ന അനുജിത്ത് അന്നു രക്ഷിച്ചത് നൂറുകണക്കിന് ജീവനുകളാണ്. കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തില്‍ ശശിധരന്‍ പിള്ളയുടെ മകന്‍ അനുജിത്ത് (27) ഇന്ന് ഓര്‍മയാകുമ്പോള്‍ എട്ടുപേര്‍ക്കാണ് കണ്ണും കരളും കൈയുമാകുന്നത്.
കഴിഞ്ഞ പതിനാലാം തീയതി കൊട്ടാരക്കരയ്ക്ക് സമീപം വച്ചാണ് അനുജിത്ത് ഓടിച്ച ബൈക്ക് അപകടത്തില്‍പെട്ടത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന അനുജിത്തിനെ ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളജിലും കിംസ് ആശുപത്രിയിലുമെത്തിച്ചെങ്കിലും 17ന് മസ്തിഷ്‌ക മരണം സംഭവിച്ചു. രണ്ട് അപ്നിയ ടെസ്റ്റ് നടത്തി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന ഭാര്യ പ്രിന്‍സിയും സഹോദരി അജല്യയും അവയവദാനത്തിന് മുന്നോട്ട് വന്നതോടെയാണ് മരണാനന്തരവും അനുജിത്ത് മറ്റുള്ളവരിലൂടെ ജീവിക്കുന്നത്. ഹൃദയം, വൃക്കകള്‍, കണ്ണുകള്‍, ചെറുകുടല്‍, കൈകള്‍ എന്നിവയാണ് മറ്റുള്ളവര്‍ക്കായി നല്‍കിയത്. എറണാകുളത്ത് ചികിത്സയിലായിരുന്ന തൃപ്പുണ്ണിത്തുറ സ്വദേശി സണ്ണി തോമസി(55)ലാണ് ഹൃദയം തുന്നിച്ചേര്‍ത്തത്. ഹൃദയം എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ വിട്ടുനല്‍കി. ഹൃദയം എടുത്ത ശേഷം മൂന്നു മണിക്കൂര്‍ പതിനൊന്ന് മിനിറ്റുകൊണ്ട് സണ്ണി തോമസില്‍ അനുജിത്തിന്റെ ഹൃദയം സ്പന്ദിച്ചു തുടങ്ങി.
തീവ്ര ദുഃഖത്തിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധരായ കുടുംബത്തെ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ആദരവറിയിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍ ഡോ. എ. റംലാ ബീവി, ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, മൃതസഞ്ജീവനി സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ. സാറ വര്‍ഗീസ്, മൃതസഞ്ജീവനി നോഡല്‍ ഓഫിസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എന്നിവരാണ് അവയവദാന പ്രകൃയയ്ക്ക് നേതൃത്വം നല്‍കിയത്. ഡോ. ജോസ് ചാക്കോ പെരിയപുറമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.
സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്ന അനുജിത്ത് ലോക് ഡൗണ്‍ ആയതോടെ കൊട്ടാരക്കരയിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ സെയില്‍സ്മാനായി ജോലി നോക്കുകയായിരുന്നു. ഭാര്യ പ്രിന്‍സി സ്വകാര്യ ജ്വല്ലറിയിലെ ജീവനക്കാരിയാണ്. മൂന്ന് വയസുള്ള ഒരു മകനുണ്ട്. അമ്മ വിജയകുമാരി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."