മലയാളി തനത് ഭക്ഷണശീലം തിരിച്ചുപിടിക്കണം: മന്ത്രി സി.രവീന്ദ്രനാഥ്
ആറാട്ടുപുഴ: മലയാളി ആരോഗ്യസംരക്ഷണത്തിന് തനത് ഭക്ഷണക്രമം തിരിച്ചു പിടിച്ച് ശീലമാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊ. സി.രവീന്ദ്രനാഥ് പറഞ്ഞു. പ്രകൃതിയോടടുക്കുന്തോറും സമൂഹത്തിന്റെ ആരോഗ്യ നില ഉയരുമെന്നും നാരുകളുള്ള ഭക്ഷണം ശീലിക്കണമെന്നും ശരീര സംരക്ഷണത്തിന് പൂര്‍വികരെ പോലെ പ്രാതല്‍ കഞ്ഞി ആക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജീവനിയുടെയും തൃശൂര്‍ തൈക്കാട്ടു മൂസ് എസ്.എന്‍.എ ഔഷധശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ സൗജന്യ മെഗാ ആയൂര്‍വേദ മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആയൂര്‍വേദ രംഗത്ത് ആറ് പതീറ്റാണ്ടിലേറെക്കാലമായി വിശിഷ്ട സേവനം നടത്തി വരുന്ന കുന്നത്ത് ഗോപിനാഥന് ജീവനിയുടെ പ്രഥമ 'ജീവദായി' പുരസ്‌കാരം മന്തി നല്‍കി അനുമോദിച്ചു. നാട്ടിക എം.എല്‍.എ ഗീത ഗോപി ഔഷധ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്മൃതി.
എസ്.മേനോന്റെ ഈശ്വര പ്രാര്‍ഥനോടെയാണ് യോഗ നടപടികള്‍ ആരംഭിച്ചത്. ജീവനി ട്രസ്റ്റ് പ്രസിഡന്റ് അഷ്ടമൂര്‍ത്തി അധ്യക്ഷനായി. മാനേജിങ് ട്രസ്റ്റി എം.രാജേന്ദ്രന്‍ സ്വാഗതവും, വൈസ് പ്രസിഡന്റ് എം.ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു. ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ വിനോദ്, ഡോക്ടര്‍ എന്‍.ടി.പി നമ്പൂതിരി ആശംസകള്‍ അര്‍പ്പിച്ചു.
വിവിധ ശാഖകളിലായി 14 ഡോക്ടര്‍മാരുടെ സേവനം ക്യാംപില്‍ ലഭ്യമായിരുന്നു. ചികിത്സക്ക് എത്തിയവര്‍ക്ക് സൗജന്യമായി ഔഷധങ്ങള്‍, ഔഷധ സമ്പന്നമായ കര്‍ക്കടക കഞ്ഞി കിറ്റ്, ആയൂര്‍വേദവും ദീര്‍ഘായുസും എന്ന പുസ്തകം എന്നിവ വിതരണം ചെയ്തു. തൃശൂര്‍ ഔഷധിയുടെ സഹകരണത്തോടെയാണ് ഔഷധ സസ്യങ്ങളുടെ വിതരണം നടന്നത്. ക്യാംപിലെത്തിയ എല്ലാവര്‍ക്കും പാള പ്ലേറ്റില്‍ കഞ്ഞിയും പുഴുക്കും നല്‍കിയിരുന്നു.
രാവിലെ ഒന്‍പതിന് ആരംഭിച്ച ക്യാംപില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു. വൈകിട്ട് അഞ്ചിനാണ് ക്യാംപ് അവസാനിച്ചത്.
ക്യാംപിനോടനുബന്ധിച്ച് ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെ രക്തഗ്രുപ്പ് നിര്‍ണയവും സംഘടിപ്പിച്ചിരുന്നു. ആറാട്ടുപുഴയിലെ നൂറോളം സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളുടെ സേവനവും ക്യാംപില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."