ഭൂഗര്‍ഭജലം ഊറ്റിവില്‍ക്കുന്നു: കലക്ടര്‍ക്ക് പരാതി നല്‍കി
തിരൂര്‍: വൈലത്തൂര്‍ ചിലവില്‍ പാടത്ത് വലിയ കുഴല്‍കിണര്‍ കുഴിച്ച് ലിറ്റര്‍കണക്കിന് ഭൂഗര്‍ഭജലം ഊറ്റിയെടുത്ത് വില്‍പ്പന നടത്തുന്നതിനെതിരേ പ്രദേശവാസികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. പ്രദേശത്തുനിന്ന് കഴിഞ്ഞ നാലുമാസമായി ഭൂഗര്‍ഭജലം ഊറ്റിക്കൊണ്ടുപോകുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ കലക്ടറെ സമീപിച്ചത്.
കുടിവെള്ള വിതരണ മാഫിയയുടെ ജലമൂറ്റല്‍ കാരണം ഒരൊറ്റ വേനലില്‍ പോലും വറ്റാത്ത കിണറുകള്‍ പോലും ഇത്തവണ വറ്റിവരണ്ടുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഏറ്റവും നല്ല ജലസ്രോതസ്സുള്ള പ്രദേശമായിരുന്നു വൈലത്തൂരിലെ ചിലവില്‍ മേഖല. എന്നാല്‍ വ്യാപകമായ ജലചൂഷണം കാരണം ഈ വേനലില്‍ കുടിവെള്ളത്തിനായി പ്രദേശവാസികള്‍ ബുദ്ധിമുട്ടുകയാണ്.
രാപ്പകല്‍ വ്യത്യാസമില്ലാതെ വാഹനങ്ങളില്‍ ടാങ്കുകളിലാക്കി ആശുപത്രികള്‍ അടക്കമുള്ള സ്ഥാപനങ്ങളിലേക്കും സ്വകാര്യ വ്യക്തികള്‍ക്കും ആയിരകണക്കിന് ലിറ്റര്‍ വെള്ളമാണ് കുഴല്‍ കിണറുകളിലൂടെ അടിച്ചെടുത്ത് വില്‍ക്കുന്നത്.
ഇതുവഴി വലിയ സാമ്പത്തിക നേട്ടമാണ് ഇത്തരക്കാര്‍ ഉണ്ടാക്കുന്നതെന്ന് ചിലവില്‍ പ്രദേശവാസികള്‍ ആരോപിച്ചു. വിഷയത്തില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടിയെടുക്കാമെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയതായും പരാതിക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."