പരാജിതരുടെ ഫൈനല്‍
സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: ബെല്‍ജിയവും ഇംഗ്ലണ്ടും ലോകകപ്പിലെ തങ്ങളുടെ അഭിമാനപ്പോരാട്ടത്തിനിറങ്ങുന്നു. ലോകകപ്പ് സെമിഫൈനലില്‍ ക്രൊയേഷ്യയോടേറ്റ അപ്രതീക്ഷിത തോല്‍വിക്ക് പകരം വീട്ടാന്‍ ഇംഗ്ലണ്ടും ഫ്രാന്‍സിന്റെ പ്രതിരോധ പുട്‌ബോളില്‍ ഫൈനല്‍ മോഹങ്ങള്‍ പൊലിഞ്ഞ ബെല്‍ജിയവും ഇന്ന് മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ ഏറ്റുമുട്ടും. ഇന്ന് രാത്രി 7.30ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്റ്റേഡിയത്തിലാണ് മത്സരം.
സെമിഫൈനലില്‍ പരാജയപ്പെട്ടതിനാല്‍ ഇരുടീമുകളും ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഇരുടീമുകളും ഈ ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് മത്സരത്തില്‍ ബെല്‍ജിയത്തിനായിരുന്നു 1-0 ത്തിന്റെ വിജയം. പ്രധാന താരങ്ങളെ പുറത്തിരുത്തി ഇരുടീമുകളും ഇറങ്ങിയ മത്സരത്തില്‍ ജനുസാജ് ആയിരുന്നു ബെല്‍ജിയത്തിന്റെ വിജയഗോള്‍ നേടിയത്. ലോകകപ്പിലെ ഇരുടീമുകളുടേയും അഭിമാനപ്പോരാട്ടമായതിനാല്‍ പോരാട്ടം കടുക്കും.
ബെല്‍ജിയം
പ്രീ ക്വാര്‍ട്ടില്‍ ജപ്പാനോട് രണ്ട് ഗോളിന് പിന്നില്‍ നിന്നതിന് ശേഷം മൂന്ന് ഗോള്‍ അടിച്ചാണ് ബെല്‍ജിയം ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ ശക്തരായ ബ്രസീലിനെ 2-1ന് തകര്‍ത്ത് സെമിഫൈനലില്‍ പ്രവേശിച്ചു. സെമിഫൈനലില്‍ ഫ്രാന്‍സിന്റെ പ്രതിരോധ ഫുട്‌ബോളിന് മുന്നില്‍ ബെല്‍ജിയം തകരുകയായിരുന്നു. 51ാം മിനുട്ടില്‍ ഉംറ്റിറ്റിയായിരുന്നു ബെല്‍ജിയത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്. 1986ല്‍ സെമിഫൈനലില്‍ ജര്‍മനിയോട് തോറ്റ ബെല്‍ജിയം ലൂസേഴ്‌സ് ഫൈനലില്‍ ഫ്രാന്‍സിനു മുന്നിലും 4-2ന് പരാജയപ്പെട്ടു. അന്ന് ലോകകപ്പില്‍ നാലാം സ്ഥാനത്തെത്തിയതായിരുന്നു ബെല്‍ജിയത്തിന്റെ ഏറ്റവും വലിയ നേട്ടം. റഷ്യയില്‍ സുവര്‍ണതലമുറ ആ ചരിത്രം തിരുത്തിക്കുറിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും സാധിച്ചില്ല. ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടുകയെന്നതാണ് ബെല്‍ജിയത്തിന്റെ ലക്ഷ്യം. ചെല്‍സി താരം ഹസാര്‍ഡും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി കളിക്കുന്ന ലുക്കാക്കുവും മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന്‍ ഡി ബ്രുയിനുമാണ് ബെല്‍ജിയത്തിന്റെ ശക്തി കേന്ദ്രങ്ങള്‍. അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ ഫെല്ലെയ്‌നിക്കു പകരം ജനുസാജോ മെര്‍ട്ടെനെസോ വന്നാല്‍ മുന്നേറ്റത്തിന് കൂടുതല്‍ കരുത്താകും. കഴിഞ്ഞ മത്സരത്തില്‍ രണ്ടാം പകുതിയില്‍ മെര്‍ട്ടനസിന്റെ വരവായിരുന്നു ബെല്‍ജിയത്തിന് ഊര്‍ജം പകര്‍ന്നത്.
ഫോര്‍മേഷന്‍
4-2-3-1 എന്ന ശൈലിയില്‍ ലുക്കാക്കുവിനെ മുന്നില്‍ നിര്‍ത്തിയാവും ബെല്‍ജിയം ആക്രമണം. അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരായി ഹസാര്‍ഡ്, കെവിന്‍ ഡിബ്രുയ്ന്‍, ജനുസാജ് എന്നിവര്‍ ഇറങ്ങും. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി മ്യൂനിയര്‍, വിറ്റ്‌സെല്‍ എന്നിവരും പ്രതിരോധത്തില്‍ വെര്‍ട്ടോങ്ങന്‍, കൊംപാനി, ആല്‍ദെര്‍വിറേള്‍ഡ്, ചാഡ്‌ലി എന്നിവരും ഇറങ്ങും.
ഇംഗ്ലണ്ട്
പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയെയും ക്വാര്‍ട്ടറില്‍ സ്വീഡനെയും പരാജയപ്പെടുത്തി കരുത്തുകാട്ടിയാണ് ഇംഗ്ലണ്ട് സെമിഫൈനലില്‍ എത്തിയത്. പക്ഷേ സെമിഫൈനലില്‍ ക്രൊയേഷ്യന്‍ ആക്രമണത്തിന് മുന്നില്‍ അവര്‍ പതറി. ഇംഗ്ലണ്ടിനിത് ഒരിക്കലും മറക്കാനാവാത്ത മുറിവാണ്. 1966 ലോകകപ്പില്‍ ജര്‍മനിയെ പരാജയപ്പെടുത്തി ചാംപ്യന്മാരായ ഇംഗ്ലണ്ട് 1990 ലോകകപ്പില്‍ സെമിഫൈനലില്‍ എത്തിയിരുന്നു. അന്ന് സെമിഫൈനലില്‍ ജര്‍മനിയോട് പരാജയപ്പെട്ട ഇംഗ്ലണ്ട് ലൂസേഴ്‌സ് ഫൈനലില്‍ ഇറ്റലിയോടും തോല്‍വി ഏറ്റുവാങ്ങിയാണ് മടങ്ങിയത്. റഷ്യയില്‍ ക്രൊയേഷ്യയോട് തോറ്റ് ഫൈനലില്‍ കയറാന്‍ കഴിഞ്ഞില്ലെങ്കിലും ബെല്‍ജിയത്തെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം കരസ്ഥമാക്കാനുള്ള പുറപ്പാടിലാണ് ഇംഗ്ലണ്ട്. ക്യാപ്റ്റന്‍ ഹാരി കെയ്‌നിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. പക്ഷേ കഴിഞ്ഞ മത്സരത്തില്‍ താരത്തിന് മികവിനൊത്ത് ഉയരാനായില്ല. അതാണ് ഇംഗ്ലണ്ടിനെ പരാജയത്തിലേക്ക് തള്ളിയിട്ടത്. പരുക്കേറ്റ ട്രിപ്പിയറിന് പകരം ഡാനി റോസ് ഇറങ്ങാനാണ് സാധ്യത.
ഫോര്‍മേഷന്‍
3-1-4-2 എന്ന ഫോര്‍മേഷനില്‍ തന്നെയാവും ഇംഗ്ലണ്ട് മത്സരത്തിനിറങ്ങുന്നത്. മുന്നേറ്റത്തില്‍ ഹാരികെയ്‌നും സ്‌റ്റെര്‍ലിങ്ങും തന്നെ ഇറങ്ങാനാണ് സാധ്യത. അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരായി ഡെലി അലി, ലിന്‍ഗാര്‍ഡ്, ആഷ്‌ലി യങ്, ഡാനി റോസ് എന്നിവരും ഇറങ്ങും. ഡിഫന്‍സീവ് മിഡ്ഫീല്‍ഡ് റോളില്‍ ഹെന്‍ഡേഴ്‌സണും പ്രതിരോധത്തില്‍ മഗ്വയ്ര്‍, സ്‌റ്റോണ്‍സ്, വാള്‍ക്കര്‍ എന്നിവരും അണിനിരക്കും. അവസാന മത്സരമായതിനാല്‍ ഇരുടീമുകളും പുതുമുഖങ്ങളെ പരീക്ഷിക്കാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."