കൊവിഡ് പ്രതിരോധമൊരുക്കാന്‍ വിപുലമായ യോഗം നാളെ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തില്‍ ആശങ്കയിലായ സര്‍ക്കാര്‍ പ്രതിരോധമൊരുക്കാന്‍ നാളെ വിപുലമായ യോഗം വിളിച്ചു.
തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീന്, ആരോഗ്യ മന്ത്രി കെ.കെ ശെശലജ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. ഉച്ചകഴിഞ്ഞ് 2.30ന് സെക്രട്ടേറിയറ്റിലെ അനക്സ് ഒന്നിലെ ബോധി ഹാളില്‍ ക്രമീകരിച്ച വിഡിയോ കോണ്‍ഫറന്‍സിങ് സങ്കേതത്തിലൂടെയായിരിക്കും മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും മേധാവികളും യോഗത്തില്‍ പങ്കെടുക്കുക.
പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ അദ്ധ്യക്ഷര്‍, കോര്പറേഷന് മേയര്‍മാര്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്പേഴ്സന്മാര്, ജില്ലാ ആശുപത്രി സൂപ്രണ്ടുമാര്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, പ്രാഥമിക- സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫിസര്‍മാര്‍, ആയുഷ് വകുപ്പുമായി ബന്ധപ്പെട്ട മെഡിക്കല്‍ ഓഫിസര്‍മാര്‍, സി.ഡി.എസ് ചെയര്പേഴ്സന്മാര്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ അതത് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്ന് വിഡിയോ കോണ്‍ഫറന്‍സിങിലൂടെ യോഗത്തില്‍ പങ്കെടുക്കും.
ഇതിനു സാധ്യമല്ലാത്ത പ്രദേശങ്ങളിലുള്ളവര്‍ കംപ്യൂട്ടര്‍ ഉപയോഗിച്ചോ മൊബൈല്‍ ഫോണ്‍ വഴിയോ യോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."