തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതായി പരാതി
വടകര: മണ്ഡലത്തില്‍ തെരഞ്ഞടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സി.പി.എം ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടര്‍ക്കും യു.ഡി.എഫ് നേതൃത്വം പരാതി നല്‍കി.
പ്രശ്‌നബാധിത ബൂത്തുകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വിവേചനം കാണിച്ചുവെന്നാണ് ആരോപണം. യു.ഡി.എഫ് അനുകൂല ബൂത്തുകള്‍ മുഴുവന്‍ പ്രശ്‌നബാധിത ബൂത്തുകളായും കഴിഞ്ഞ കാലങ്ങളില്‍ പ്രശ്‌നങ്ങളുണ്ടായ സി.പി.എം അനുകൂല സ്ഥലങ്ങളെ വെള്ളപൂശുകയുമാണ് ചെയ്യുന്നത്. തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളില്‍ വന്‍തോതില്‍ കള്ളവോട്ടുകള്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് സി.പി.എമ്മെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ അട്ടിമറികള്‍ക്ക് സാധ്യതയുണ്ടെന്നും പരാതിയില്‍ പറയുന്നു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ബി.എല്‍.ഒമാരെ പോലും അറിയിക്കാതെ നിരവധി പേരുടെ വോട്ടുകളാണ് തള്ളിയത്. ഇതിനെതിരേ തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളില്‍ സി.സി.ടി.വി കാമറ, ബാരിക്കേഡ് സംവിധാനങ്ങള്‍ എന്നിവ ഒരുക്കണം. മണ്ഡലത്തിലെ വോട്ടര്‍മാരുടെ യഥാര്‍ഥ എണ്ണത്തേക്കാള്‍ അധികമാണ് ഇക്കുറി ചേര്‍ത്തിരിക്കുന്ന പേരുകള്‍. ഇതിനെതിരേ നിയമപരായി ഏതറ്റംവരെയും പോകുമെന്നും നേതാക്കള്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, അഡ്വ. കെ. പ്രവീണ്‍കുമാര്‍, അഡ്വ. ഐ. മൂസ, വി.എം ചന്ദ്രന്‍, യു. രാജീവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."