അരീക്കോട് പാലത്തിന് സമീപം നടപ്പാത നിര്‍മിക്കുന്നതിന് തടസമില്ലെന്ന് പൊതുമരാമത്ത് വകുപ്പ്
അരീക്കോട്: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയില്‍ അരീക്കോട് ചാലിയാര്‍ പാലത്തിന് സമീപം സ്റ്റീല്‍ നിര്‍മിത നടപ്പാത നിര്‍മിക്കുന്നതില്‍ തടസമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ബന്ധപെട്ടവരെ അറിയിച്ചു. പാലത്തിനോട് ചേര്‍ന്ന് നടപ്പാത നിര്‍മിക്കാന്‍ 89 ലക്ഷം രൂപ നേരത്തെ സര്‍ക്കാര്‍ വകയിരിത്തിയിരുന്നു. എന്നാല്‍ പാലത്തിന്റെ ബലക്ഷയം കാരണം നടപ്പാത നിര്‍മിക്കുന്നത് പ്രായോഗികമല്ലെന്നായിരുന്നു വിദഗ്ധാഭിപ്രായം.
തുടര്‍ന്ന് നടപ്പാതയുടെ ബന്ധപെട്ട പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ മരാമത്ത് വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ സാമൂഹിക പ്രവര്‍ത്തകനായ കെ .എം സലീം വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നിലവിലെ പാലത്തിന് സമീപത്തായി മൂര്‍ക്കനാട് കടവില്‍ പണിത പാലത്തിന്റെ മാതൃകയില്‍ സ്റ്റീല്‍ നിര്‍മിത നടപ്പാലം നിര്‍മിക്കാന്‍ മരാമത്ത് വകുപ്പ് തീരുമാനിച്ചത്. എന്നാല്‍ നടപ്പാത നിര്‍മാണത്തിന് സര്‍ക്കാറില്‍ നിന്നും ആവശ്യമായ ഫണ്ട് നീക്കിവയ്ക്കാത്തതിനാല്‍ നിര്‍മാണ പ്രവൃത്തി നീണ്ടുപോകാനാണ് സാധ്യത. 35 വര്‍ഷം പഴക്കമുള്ള അരീക്കോട് പാലത്തിന്റെ ബലം കുറഞ്ഞുവരികയാണ്.
പകരം പാലം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സമാന നടപ്പാത നിര്‍മിക്കുന്നതിലൂടെ കാല് നടക്കാരുടെ പ്രശ്നത്തിന് ഏറെ പരിഹാരമാകും. പാലത്തില്‍ നടപ്പാതയില്ലാത്തത് കാരണം യാത്രക്കാര്‍ നേരിടുന്ന ദുരിതവുമായി ബന്ധപ്പെട്ട് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."