വടകരയില്‍ കടലാക്രമണം രൂക്ഷം വീടുകളില്‍ വെള്ളം കയറി
വടകര: കനത്ത മഴ തുടരുന്നതിനിടയില്‍ വടകര മേഖലയില്‍ കടലാക്രണം രൂക്ഷമായി. ആവിക്കല്‍ മുതല്‍ അഴിത്തല വരെയുളള പ്രദേശത്താണ് കടല്‍ ക്ഷോഭം രൂക്ഷമായത്.
ഇന്നലെ രാവിലെ മുതല്‍ കടല്‍ പ്രക്ഷുബ്ദമാണ്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറി. സഫ്‌നാസ് പാണ്ടികശാല വളപ്പില്‍, തോട്ടുങ്ങല്‍ ബീവി, മൈമ്മു കൊയിലോത്ത്, സഫ്‌നാസ് ആവിക്കല്‍, കുനുമാച്ച ആവിക്കല്‍, സെറീന ചെറിയ പടയന്‍, ആസിയ വീരഞ്ചേരി, സൈന മുട്ടത്ത്, സുനീര്‍ ചെറുവത്ത്, സുബൈദ തക്കാരത്തി, ഹംസ പഴയപുര വളപ്പില്‍, സാദിക്ക് തട്ടാന്‍കണ്ടി എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഇന്നലെ രാവിലെയോടെയാണ് കടല്‍ പതിവിലേറെ പ്രക്ഷുബ്ദമായത്. വലിയ ഭീതിയിലാണ് കടലിനോട് ചേര്‍ന്ന് താമസിക്കുന്നവര്‍ കഴിയുന്നത്.
പലയിടത്തും കടല്‍ഭിത്തി തകര്‍ന്നിരിക്കുന്നതിനാല്‍ തീരം കവര്‍ന്നു കടല്‍ മുന്നേറുന്ന സ്ഥിതിയാണുള്ളത്. നിവരവധി വീടുകളാണ് കടലാക്രമണ ഭീഷണിയിലായത്. പലവീടുകളിലും വെള്ളം കയറിയിരിക്കുന്നു. തീരദേശ റോഡുകള്‍ പാടേ തകര്‍ന്നു. മുകച്ചേരി ഭാഗത്തെ തീരത്തോട് ചേര്‍ന്ന് റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. വടകരയിലെ തീരപ്രദേശങ്ങളില്‍ കടല്‍ഭിത്തിയില്ലാത്തതും നേരത്തെയിട്ട ഭിത്തി തകര്‍ന്നതു മൂലം ജനങ്ങള്‍ വലിയ പ്രയാസത്തിലാണ്. കടാലാക്രമണ ഭീഷണി രൂക്ഷമായ സ്ഥലങ്ങളില്‍ ഭിത്തി സ്ഥാപിക്കണമെന്ന ആവശ്യം ഏറെ കാലമായി മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ ഉയര്‍ത്തുന്നുണ്ട്. അധികൃതര്‍ക്ക് ഭിത്തി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നിവേദനം നല്‍കുകയുണ്ടായി. അര്‍ധരാത്രി ദേശീയ പാത ഉപരോധിക്കുന്നത് വരെ കാര്യങ്ങളെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."