ആക്രമിക്കാനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു
മലപ്പുറം: പന്തലൂര്‍ മുടിക്കോട് സുന്നീ പ്രവര്‍ത്തകരെ ആക്രമിക്കാനുപയോഗിച്ച ആയുധങ്ങള്‍ പൊലിസ് കണ്ടെടുത്തു. പാണ്ടിക്കാട് പൊലിസിന്റെ നേതൃത്വത്തില്‍ നടത്തിയ തെളിവെടുപ്പിലാണ് കാന്തപുരം വിഭാഗം ഗുണ്ടകള്‍ സുന്നീപ്രവര്‍ത്തകരെ ആക്രമിക്കാനുപയോഗിച്ച മാരകായുധങ്ങള്‍ കണ്ടെടുത്തത്.
സംഭവത്തില്‍ പ്രതികളായവരുടെ വീട്ടില്‍ നിന്നും പറമ്പില്‍ നിന്നുമായാണ് ആക്രമിക്കാനുപയോഗിച്ച ഇരുമ്പ്കമ്പി, പൈപ്പ്, വടി തുടങ്ങിയ ആയുധങ്ങള്‍ കണ്ടെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി യാതൊരു പ്രകോപനവുമില്ലാതെ കാന്തപുരം വിഭാഗം ഗുണ്ടകള്‍ മുടിക്കോട് പ്രദേശത്ത് നടത്തിയ ആക്രമണത്തില്‍ പതിനഞ്ചോളം സുന്നീ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു.
ആയുധങ്ങളുമായി എത്തിയ സംഘം കണ്ണില്‍കണ്ടവരെയെല്ലാം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികളായ മതാരി ഷഫീഖ് (26), മതാരിമേല്‍ വീട്ടില്‍ മുഹമ്മദാലി (31), പള്ളിക്കല്‍ അബൂബക്കര്‍ (35), വട്ടക്കണ്ണന്‍ ഫളലുദ്ദീന്‍ ഷാഫി (25), മതാരി കരുവാതോടി സിയാദ് (28) എന്നിവരെ പാണ്ടിക്കാട് എസ്.ഐ ബേസില്‍ തോമസ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ പ്രതികള്‍ക്കായി പാണ്ടിക്കാട് സി.ഐ കെ.എം ദേവസ്യയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. മുടിക്കോട് മഹല്ലില്‍ അവകാശത്തര്‍ക്കമുന്നയിച്ചു നേരത്തേയും പലതവണ കാന്തപുരം വിഭാഗം പ്രശ്‌നം സൃഷ്ടിച്ചിരുന്നു.
തുടര്‍ന്ന് വഖ്ഫ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കാന്തപുരം വിഭാഗം ദയനീയമായിപരാജയപ്പെടുകയായിരുന്നു. ഇതിന്റെ ജാള്യത മറച്ചുവെക്കാനാണ് കാന്തപുരം വിഭാഗം നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്. ആക്രമണത്തില്‍ പരുക്കേറ്റ മുഴുവന്‍ പേരും ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."