സംരക്ഷണ ഭിത്തിയില്ല; പുളിക്കല്‍-ആന്തിയൂര്‍കുന്ന് റോഡില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു
കൊണ്ടോട്ടി: പുളിക്കല്‍-ആന്തിയൂര്‍കുന്ന് റോഡരികില്‍ സംരക്ഷണ ഭിത്തിയില്ലാത്തത് അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നു. മലഞ്ചെരിവിലൂടെ കടന്നുപോകുന്ന റോഡ് ഉയര്‍ത്തി കെട്ടിയാണ് നിര്‍മിച്ചങ്കിലും ഇവക്ക് ഇരുവശങ്ങളിലും സംരക്ഷണ ഭിത്തിയൊരുക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയാറായിട്ടില്ല. ഇതിനാല്‍ ചെങ്കുത്തായ ഇറക്കത്തില്‍ നിയന്ത്രണം വിട്ടുള്ള അപകടങ്ങള്‍ പെരുകുകയാണ്. ഇന്നലെ ഓട്ടോ മറിഞ്ഞ് ഒളവട്ടൂര്‍ വടക്കുംപിലാക്കല്‍ പുളിയംവീട്ടില്‍ മുഹമ്മദ് മരിക്കുകയും എട്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അടുത്തിടെയായി മേഖലയില്‍ നടക്കുന്ന മൂന്നാമത്തെ അപകടമാണ്. ഓട്ടോറിക്ഷയും കാറും റോഡില്‍ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. മേഖലയിലെ പാമ്പൂര്യന്‍ പാറ, കരടുകണ്ടം, മലക്കം പാറ മേഖലയിലാണ് അപകടങ്ങള്‍ ഏറെയുണ്ടാകുന്നത്. ചെങ്കുത്തായ കയറ്റങ്ങളും ഇറക്കങ്ങളും വളവും തിരിവുമുള്ള റോഡരികില്‍ അപകട സൂചന ബോര്‍ഡുകളോ, സംരക്ഷണ ഭിത്തിയോ സ്ഥാപിച്ചിട്ടില്ല. അപകടങ്ങള്‍ വര്‍ധിച്ചതോടെ നാട്ടുകാര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയായിട്ടില്ല.
പുളിക്കല്‍ മേഖലയില്‍ ഏറെ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലമായതിനാലും യാത്ര സര്‍വിസും അടക്കം നിരവധി വാഹനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന റോഡാണിത്. പ്രദേശത്തെ മായക്കരയില്‍ നിന്നു പുളിക്കലിലേക്ക് ബസ് സര്‍വിസില്ലാത്തതിനാല്‍ ഓട്ടോറിക്ഷകളെയും ജീപ്പുകളുമാണ് ഇവിടെയുള്ളവര്‍ ആശ്രയിക്കുന്നത്. ചെങ്കുത്തും വളവുമായ പ്രദേശത്ത് വാഹനങ്ങള്‍ അപകടത്തില്‍ പെട്ടാല്‍ താഴ്ചയിലേക്ക് കൂപ്പ് കുത്തുകയാണ്. റോഡില്‍ അപകടങ്ങള്‍ കുറക്കുന്നതിനായി സംരക്ഷണ ഭിത്തികള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സംഘടിക്കാനിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."