ഇന്ത്യന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ചൈന കൊവിഡിനെ ഉപയോഗിച്ചു: യു.എസ് കോണ്‍ഗ്രസ്
വാഷിങ്ടണ്‍: കൊവിഡ് മഹാമാരിയെ ഇന്ത്യന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ചൈന ഉപയോഗപ്പെടുത്തിയതായി യു.എസ് കോണ്‍ഗ്രസ്.
ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈന നടത്തിയ കടന്നുകയറ്റത്തെയും ദക്ഷിണ ചൈനാ കടലിലെ തര്‍ക്കപ്രദേശങ്ങള്‍ വരുതിയിലാക്കാനുള്ള നീക്കത്തെയും യു.എസ് ജനപ്രതിനിധിസഭ അപലപിച്ചു.
ഇതിന്റെ ഭാഗമായി ദേശീയ പ്രതിരോധ അനുമതി നിയമം(എന്‍.ഡി.എ.എ) സഭ ഐകകണ്‌ഠ്യേന പാസാക്കുകയും ചെയ്തു. കോണ്‍ഗ്രസ് അംഗം സ്റ്റീവ് ചബോട്ടും ഇന്ത്യന്‍ വംശജനായ അമി ബെരയുമാണ് നിയമഭേദഗതി കൊണ്ടുവന്നത്. അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയിലും ദക്ഷിണ ചൈനാ കടലിലും പെസഫിക് സമുദ്രത്തിലെ സെന്‍കാകു ദ്വീപുകളിലും ചൈന അധിനിവേശം നടത്തുന്നതില്‍ കോണ്‍ഗ്രസ് ആശങ്ക പ്രകടിപ്പിച്ചു. ബ്രൂണൈ, മലേഷ്യ, ഫിലിപ്പൈന്‍സ്, തായ്‌വാന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും അവകാശമുന്നയിക്കുന്ന ദക്ഷിണ ചൈനാ കടലില്‍ ചൈന സൈനികകേന്ദ്രം നിര്‍മിച്ചുവരുകയാണ്. ഈ ഭാഗത്ത് മറ്റു രാജ്യങ്ങള്‍ മല്‍സ്യബന്ധനമോ ഖനനമോ നടത്തുന്നത് വിലക്കിയിരിക്കുകയാണ്.
ഇന്‍ഡോ പെസഫിക് മേഖലയില്‍ ഇന്ത്യ നിര്‍ണായക ശക്തിയാണെന്നും ചൈനയുടെ അധിനിവേശത്തെ എതിര്‍ക്കുന്നതിനാല്‍ ഇന്ത്യയെ താന്‍ അനുകൂലിക്കുന്നതായും നിയമഭേദഗതി കൊണ്ടുവന്ന ചാബോട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."