റേഷന്‍ കാര്‍ഡ് അപേക്ഷകര്‍ വരിനിന്ന് വലഞ്ഞു
മേപ്പയ്യൂര്‍: റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട വിവിധങ്ങളായ അപേക്ഷകള്‍ സമര്‍പ്പിക്കാനായി മേപ്പയ്യൂരിലെ ക്യാംപിലെത്തിയവര്‍ ക്യൂവില്‍ നിന്ന് കഷ്ടത്തിലായി. മേപ്പയ്യൂര്‍ പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ഒരു ദിവസം മാത്രമാണനുവദിച്ചത്. പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ സമര്‍പ്പിക്കല്‍, നിലവിലെ റേഷന്‍ കാര്‍ഡില്‍ പുതിയ ആളെ ചേര്‍ക്കല്‍, ഒഴിവാക്കല്‍, തെറ്റ് തിരുത്തല്‍ തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങളുമായി ആയിരത്തിലേറെ പേരെത്തി. അപേക്ഷ സ്വീകരിക്കുന്ന ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ മുകള്‍ നിലയിലെ ഹാളും, പഞ്ചായത്ത് ഓഫിസിന്റെ മുറ്റത്തും നിറഞ്ഞതിന് ശേഷം പുറത്തേക്ക് നീണ്ട ക്യൂ ബസ്സ്റ്റാന്‍ഡ് വരെയെത്തി. അപേക്ഷ നല്കാനെത്തിയവരിലധികവും സ്ത്രീകളും മുതിര്‍ന്ന പൗരന്മാരുമായിരുന്നു. മൂന്ന് മണിക്കൂറിലേറെ വരിനിന്നാണ് പലര്‍ക്കും അപേക്ഷ സമര്‍പ്പിക്കാനായത്. ഇതിനിടയില്‍ തുടര്‍ച്ചയായ മഴയും പെയ്തുകൊണ്ടിരുന്നു. അപേക്ഷകര്‍ക്ക് പൂര്‍ണ്ണമായും പരാതി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്ന് വ്യാപക പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."