വാഗ്ദാനം ചെയ്തത് രാമരാജ്യം, തന്നതോ ഗുണ്ടാരാജ്യം- മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ യോഗി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍
ന്യൂഡല്‍ഹി: ഡല്‍ഹിക്കടുത്ത് ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാമ രാജ്യം വാഗ്ദാനം ചെയ്തവര്‍ ഗുണ്ടാ രാജ്യമാണ് തന്നതെന്ന് തന്റെ ട്വീറ്റില്‍ രാഹുല്‍ ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച രാത്രി അക്രമി സംഘത്തിന്റെ വെടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ഇന്ന് രാവിലെയാണ് മരിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനമറിയിച്ച് കൊണ്ട് ഇട്ട പോസ്റ്റിലായിരുന്നു യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
'അനന്തരവളെ ഉപദ്രവിച്ചവര്‍ക്കെതിരെ പ്രതികരിച്ചതിന് മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷി കൊല ചെയ്യപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു. രാമ രാജ്യം വാഗ്ദാനം ചെയ്തവര്‍, ഇപ്പോള്‍ ഗുണ്ടാ രാജ്യമാണ് പകരം തരുന്നത്,' രാഹുല്‍ ട്വീറ്റ് ചെയ്തു.
അനന്തരവളെ ഉപദ്രവിച്ചവര്‍ക്കെതിരെ വിജയ നഗര്‍ പൊലിസില്‍ വിക്രം ജോഷി പരാതി നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസമാണ് ഇദ്ദേഹത്തിന് വെടിയേല്‍ക്കുന്നത്.
തിങ്കളാഴ്ച രാത്രി മക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു ആക്രമണം. തുടര്‍ന്ന് ഇദ്ദേഹത്തെ ഗാസിയാബാദിലെ യശോദ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വിക്രം ജോഷിയുടെ തലയ്ക്ക് വെടിയേറ്റ ഭാഗത്തെ ഞരമ്പിന് സാരമായ ക്ഷതമേറ്റിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ യു.പി സര്‍ക്കാരിനെതിരെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."