സ്‌കൂട്ടര്‍ യാത്രക്കാരന്‍ ലോറിക്കടിയില്‍പ്പെട്ടു മരിച്ചു; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
മലപ്പുറം: മലപ്പുറം കിഴക്കേത്തലയിലെ സിഗ്നലിനുസമീപം ലോറിക്കടിയില്‍പ്പെട്ടു സ്‌കൂട്ടര്‍ യാത്രികന്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. സിഗ്നല്‍ സംവിധാനത്തിന്റെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയായിരുന്നു ഉപരോധം. സിഗ്നലിലെ കോഴിക്കോട് റോഡില്‍ നിന്നു മലപ്പുറം റോഡിലേക്കു പ്രവേശിക്കുന്ന ക്രോസ് റോഡ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു നടത്തിയ ഉപരോധം ഒരുമണിക്കൂറോളം നീണ്ടു.
പെരുമ്പള്ളി സെയ്ത്, പണ്ടാരക്കല്‍ ഷമീര്‍, ഉപ്പൂടന്‍ ഷൗക്കത്ത്, പുറ്റശേരി നിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം നടന്നത്. ക്രോസ് റോഡില്‍നിന്നു മലപ്പുറം റോഡിലേക്കു പ്രവേശിക്കുന്ന വാഹനങ്ങള്‍ പലപ്പോഴും കോഴിക്കോട് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങളുടെ ശ്രദ്ധയില്‍പ്പെടാറില്ല. ഇതു നിരവധി അപകടങ്ങള്‍ക്കു കാരണമായിട്ടുണ്ടെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് മലപ്പുറം സിഐ കെ.സി വേണു, ട്രാഫിക് എസ്‌ഐ തങ്കച്ചന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ റോഡ് അടക്കാന്‍ തീരുമാനിക്കുകയായിരുന്നു. ട്രാഫിക് റഗുലേറ്ററി അതോറിറ്റിയില്‍ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും സിഗ്നലിലെ അശാസ്ത്രീയത പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും സി ഐ വേണു പറഞ്ഞു.
കോഴിക്കോട് റോഡില്‍ നിന്നു പരപ്പനങ്ങാടി റോഡിലേക്കു പ്രവേശിക്കേണ്ട വാഹനങ്ങള്‍ ചുവന്ന സിഗ്നലില്‍ നിര്‍ത്തേണ്ട സ്ഥലം, തിരിഞ്ഞുപോകേണ്ട സ്ഥലത്തുനിന്നും നാല്‍പ്പത് മീറ്റര്‍ അകലെയാണ്. എന്നാല്‍ സിഗ്നല്‍ സമയമാകട്ടെ വെറും ഇരുപത് സെക്കന്റും. ഇതിനിടയില്‍ വാഹനങ്ങള്‍ കടന്നുപോകുക അസാധ്യമായതിനാല്‍ മിക്ക വാഹനങ്ങളും നിര്‍ത്തേണ്ട സ്ഥലത്തുനിന്നും ഇരുപത് അടിയെങ്കിലും മുന്നിലേക്കു കയറ്റിനിര്‍ത്തുന്നത് സ്ഥിരം കാഴ്ചയാണ്. ഇതിനാല്‍ ഈ വാഹനങ്ങളെല്ലാം ക്യാമറയില്‍ കുടുങ്ങുകയും പിഴ ഒടുക്കേണ്ടി വരികയും ചെയ്യുന്നുണ്ട്. വാഹനം നിര്‍ത്തേണ്ട കൃത്യമായ അടയാളം റോഡില്‍ ഇല്ലാത്തതും വാഹനങ്ങള്‍ കബളിപ്പിക്കപ്പെടാന്‍ കാരണമാകുന്നുണ്ട്. സിഗ്നല്‍ സംവിധാനത്തിലെ സമയം വര്‍ധിപ്പിക്കുകയും ക്യാമറ മുന്നിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്താല്‍ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."