HOME
DETAILS
MAL
മദ്‌റസ അധ്യാപകരുടെ ക്രിമിനല്‍ പശ്ചാതലം അന്വേഷിച്ചില്ലെങ്കില്‍ കമ്മറ്റിക്കെതിരേ നടപടിയെന്ന പൊലീസിന്റെ നോട്ടീസ് വിവാദത്തില്‍; നിയമവിരുദ്ധമെന്ന് വിദഗ്ധര്‍
backup
July 22 2020 | 11:07 AM
കോഴിക്കോട്: മദ്‌റസ അധ്യാപകരെ നിയമിക്കുമ്പോള്‍ അധ്യാപകരുടെ സാമൂഹിക പശ്ചാതലവും ക്രിമിനല്‍ പശ്ചാതലവും അന്വേഷിക്കണമെന്നും അല്ലാത്തപക്ഷം കമ്മിറ്റി ഭാരവാഹികള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസിന്റെ നോട്ടീസ്. കാസര്‍കോഡ് ജില്ലയിലെ ചീമേനി പൊലീസ് സ്റ്റേഷന്‍ പരധിയിലെ മദ്‌റസ-പള്ളി കമ്മിറ്റികള്‍ക്കാണ് ഇത്തരത്തിലുള്ള നോട്ടീസ് നല്‍കിയിരിക്കുന്നത്.
മദ്‌റസകള്‍ ഉള്‍പടെയുള്ള മത സ്ഥാപനങ്ങളിലും മറ്റും നിയമനം നടത്തുമ്പോള്‍ നിയമിക്കപ്പെടുന്ന വ്യക്തിയുടെ സാമൂഹിക പശ്ചാതലവും ക്രിമിനല്‍ പശ്ചാതലവും കമ്മിറ്റി ഭാരവാഹികള്‍ അന്വേഷിച്ച് ബോധ്യപ്പെടണമെന്നും ക്രിമിനല്‍ കേസുകളിലും മറ്റും ഉള്‍പെടാത്ത ആളാണെന്നും നല്ല നടപ്പുകാരനാണെന്നും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പാടുള്ളൂ എന്നും, അല്ലാത്ത പക്ഷം മേല്‍ നിയമനം നടത്തുന്ന കമ്മിറ്റികള്‍ക്കെതിരേയും നിയമ നടപടി സ്വീകരിക്കുന്നതായിരിക്കുമെന്നാണ് ചീമേനി സി.ഐ അനില്‍കുമാറിന്റെ പേരില്‍ നല്‍കിയ നോട്ടീസിലുള്ളത്.
കഴിഞ്ഞ ദിവസമാണ് ഈ നോട്ടീസ് ലഭിച്ചതെന്നും ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളി-മദ്‌റസ കമ്മിറ്റികള്‍ക്കാണ് ഇത് ലഭിച്ചതായി അറിഞ്ഞതെന്നും ചീമേനി ടൗണ്‍പള്ളി കമ്മിറ്റി ഭാരവാഹിയായ ഷൗക്കത്ത് സുപ്രഭാതം ഓണ്‍ലൈനിനോട് പറഞ്ഞു. ഈ നോട്ടീസ് മുകളില്‍ നിന്നും ലഭിച്ച നിര്‍ദേശത്തിന്റ അടിസ്ഥാനത്തില്‍ നല്‍കിയതാണെന്ന് സി.ഐ അനില്‍കുമാര്‍ സുപ്രഭാതം ഓണ്‍ലൈനിനോട് പറഞ്ഞു.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡി.വൈ.എസ്.പിയുടെ പരിധിയിലുള്ള സ്ഥലങ്ങളില്‍ ഈ നോട്ടീസ് വിതരണം ചെയ്തത്.
സ്വകാര്യ സ്ഥാപനങ്ങളുടെ നിയമനത്തില്‍ ഇടപെടാനും നിര്‍ദേശങ്ങള്‍ നല്‍കാനും പൊലീസിനു നിയമപരമായി അധികാരമില്ലെന്നും ഈ നോട്ടീസ് നിയമവിരുദ്ധമാണെന്നുമാണ് വിദഗ്ധര്‍ തന്നെ അഭിപ്രായപ്പെടുന്നത്.
പള്ളി കമ്മിറ്റിക്ക് കീഴില്‍ ആളുകളെ നിയമിക്കുന്നതില്‍ ഇടപെടാന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് സിആര്‍പിസിയിലെ/പോലീസ് ആക്ടിലെ ഏതു വകുപ്പ് പ്രകാരമാണ് അധികാരമുള്ളതെന്നും നിയമ വിദഗ്ധര്‍ ചോദിക്കുന്നു. കഴിഞ്ഞ ദിവസം കാസര്‍കോട്ട് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പീഡനക്കേസിന്റെ പശ്ചാതലത്തിലാണ് ഈ ഉത്തരവെങ്കില്‍ ആ കേസില്‍ പ്രതിയായ മറ്റള്ളവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെന്താണ് ഇത്തരത്തിലുള്ള നോട്ടീസ് നല്‍കാത്തതെന്ന ചോദ്യവും ഉയര്‍ന്നുവരുന്നുണ്ട്.
പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ അതിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനു പകരം മത സ്ഥാപനങ്ങളെ അതിന്റെ മറവില്‍ കരിവാരി തേക്കാനുള്ള ഹീനമായ ശ്രമം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."