സ്വര്‍ണക്കടത്ത് കേസ് അന്വേഷണം എന്‍ഫോഴ്സ്മെന്റിനും; കേസ് രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗവും അന്വേഷിക്കും. ഇതിന്റെ ഭാഗമായി കേസ് രജിസ്റ്റര്‍ ചെയ്തു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, ഫൈസല്‍ ഫരീദ്, സരിത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കള്ളപ്പണം തടയല്‍ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പ്രതികള്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന് എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കും. പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങും. യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജ് ഉപയോഗിച്ച് 15 കോടി രൂപയുടെ സ്വര്‍ണം കടത്തിയെന്നതാണ് കേസ്.
കേസില്‍ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി ലഭിച്ചു. കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള ഹംജത് അലി, സംജു, മുഹമ്മദ് അന്‍വര്‍, ജിപ്സല്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂലൈ 24 ലേക്ക് മാറ്റി. ഓഗസ്റ്റ് അഞ്ചാം തീയതി വരെ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂട്ടിലങ്ങാടി സ്വദേശി അബ്ദുള്‍ ഹമീദ്, ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്ന കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."