കക്കയം ജലവൈദ്യുത പദ്ധതി ഉദ്ഘാടനം 16ന്
കോഴിക്കോട്: കക്കയം ചെറുകിട ജലവൈദ്യുത പദ്ധതി ഉദ്ഘാടനം 16ന് രാവിലെ 10ന് വൈദ്യുതി മന്ത്രി എം.എം മണി നിര്‍വഹിക്കുമെന്ന് പുരുഷന്‍ കടലുണ്ടി എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2011 മാര്‍ച്ചില്‍ ആരംഭിച്ച പദ്ധതി നിര്‍മാണം തടസപ്പെട്ടതിനെ തുടര്‍ന്ന് 2014ല്‍ വീണ്ടും പുനരാരംഭിക്കുകയായിരുന്നു. നിര്‍മാണ പ്രവൃത്തികള്‍ കരാര്‍ തുകയില്‍നിന്ന് 80 ലക്ഷത്തോളം കുറവായിട്ടാണ് പൂര്‍ത്തീകരിച്ചത് എന്ന പ്രത്യേകതയും പദ്ധതിക്കുണ്ട്. കുറ്റ്യാടി പദ്ധതിയില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിച്ച ശേഷം പുറത്തുവിടുന്ന വെള്ളം 11.30 മീറ്റര്‍ നീളവും 1.29 മീറ്റര്‍ ഉയരവുമുള്ള തടയണ നിര്‍മിച്ച് 320.50 മീറ്റര്‍ നീളമുള്ള കനാലിലൂടെ ഒഴുക്കി, 22 മീറ്റര്‍ വ്യാസവും 14.83 മീറ്റര്‍ ഉയരവുമുള്ള ഫോര്‍ബേ ടാങ്കില്‍ എത്തിക്കും. അവിടെ നിന്നു 2.15 മീറ്റര്‍ വ്യാസവും 59 മീറ്റര്‍ നീളവുമുള്ള പെന്‍ സ്റ്റോക്ക് പൈപ്പിലൂടെ പവര്‍ ഹൗസില്‍ സ്ഥാപിച്ചിട്ടുള്ള 1.50 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് ജനറേറ്ററുകളില്‍ എത്തിച്ച് പ്രതിവര്‍ഷം 10.39 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷനാകും. പദ്ധതിയുടെ സ്വിച്ച് ഓണ്‍ കര്‍മം മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. എം.കെ രാഘവന്‍ എം.പി മുഖ്യതിഥിയാകും. കെ.എസ്.ഇ. ബി ഡയരക്ടര്‍ ഡോ. വി. ശിവദാസന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ യു.വി ജോസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിക്കും. പേരാമ്പ്രയിലെ കെ.എസ്.ഇ.ബി ഡിവിഷന്‍ ഓഫിസുകളുടെ ഉദ്ഘാടനവും വൈദ്യതി മന്ത്രി നിര്‍വഹിക്കുമെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വി. ബുഷ്‌റ അറിയിച്ചു.
16ന് വൈകിട്ട് മൂന്നിന് പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍വച്ചാണ് മൂന്ന് സെക്ഷന്‍ ഓഫിസുകളുടെ ഉദ്ഘാടനം നടത്തുക. വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ വര്‍ഗീസ് ഐസക്, എന്‍ജിനീയര്‍മാരായ ബോബി വര്‍ഗീസ്, എന്‍.ഇ സലീം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."