ഡോക്ടറെ അക്രമിച്ചവര്‍ക്കെതിരേ നടപടിയില്ല; വടകരയില്‍ ഇന്ന് ഡോക്ടര്‍മാരുടെ പണിമുടക്ക്
വടകര: ആശ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫിസറെ അകാരണമായി തടഞ്ഞുവയ്ക്കുകയും ബലമായി ആംബുലന്‍സില്‍ കയറ്റിക്കൊണ്ടുപോവുകയും ചെയ്ത സംഭവത്തില്‍ ഐ.എം.എ സമരം.
അതിക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഐ.എം.എ വടകര ബ്രാഞ്ചിനു കീഴിലെ മുഴുവന്‍ ഡോക്ടര്‍മാരും ഇന്ന് പണിമുടക്കുമെന്ന് ഐ.എം.എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇക്കഴിഞ്ഞ 23നാണ് ആശ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റസിഡന്റ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അനുരാജിനെ മടപ്പള്ളിയില്‍ നിന്നുള്ള രോഗിയുടെ കൂട്ടിരിപ്പുകാരായ മുപ്പതോളം പേര്‍ തടഞ്ഞുവയ്ക്കുകയും ഡ്യൂട്ടി തടസപ്പെടുത്തി രോഗിയോടൊപ്പം ബലമായി ആംബുലന്‍സില്‍ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തത്.
മൈഗ്രേന്‍ തലവേദനക്ക് കുത്തിവയ്പ് നല്‍കിയതില്‍ പിഴവുണ്ടെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഡോക്ടറെ പിന്നീട് പൊലിസെത്തിയാണ് ആംബുലന്‍സില്‍ നിന്നു തിരികെ കൊണ്ടുവന്നത്. രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരുന്ന് നല്‍കിയതില്‍ ഒരു പിഴവുമില്ലെന്നും രോഗി പൂര്‍ണ ആരോഗ്യവതിയാണെന്നു പറഞ്ഞ് തിരിച്ചയക്കുകയും ചെയ്തു. അതിക്രമം നടത്തിയവരെ ആശുപത്രി സംരക്ഷണ നിയമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് പരാതി നല്‍കിയെങ്കിലും പൊലിസ് നടപടിയുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച പണിമുടക്കുന്നതെന്ന് ഐ.എം.എ ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ഐ.എം.എ വടകര പ്രസിഡന്റ് ഡോ. പി. നസീര്‍, സെക്രട്ടറി ഡോ. ടി.വി സജിത്ത്പ്രസാദ്, ജില്ലാ ടാസ്‌ക്‌ഫോഴ്‌സ് കണ്‍വീനര്‍ ഡോ. ബാബുരാജ്, ഡോ. വിജയരാഘവന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."