ഇബ്‌റാഹീംകുട്ടി ഹാജിയുടെ വിയോഗം; നഷ്ടപ്പെട്ടത് കമ്പളക്കാട്ടെ നന്മ മുഖങ്ങളിലൊന്ന്
കമ്പളക്കാട്: കഴിഞ്ഞ ദിവസം നിര്യാതനായ വെളുത്തപറമ്പത്ത് ഇബ്‌റാഹീം കുട്ടി ഹാജി കമ്പളക്കാട്ടെ മുഴുവന്‍ സല്‍പ്രവര്‍ത്തനങ്ങളിലും മുന്‍നിര സാന്നിധ്യമായിരുന്നു.
മഹല്ല്, പള്ളി, മദ്‌റസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. കമ്പളക്കാട്ടുകാര്‍ക്ക് എന്നും ഓര്‍മിക്കാന്‍ ഒരുപാട് നല്ല സ്മരണകള്‍ ബാക്കിയാക്കിയാണ് അദ്ദേഹം വിടവാങ്ങിയത്. മഹല്ലിന്റെ പുരോഗതിയും നാട്ടിലെ സാമൂഹ്യ കാര്യങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ മുഴുചിന്തയും. ജിവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രയത്‌നിക്കുകയും മഹല്ല് കമ്മിറ്റിയുടെ എല്ലാ മീറ്റിങുകളിലും ആ വിഷയങ്ങള്‍ ഊന്നിപറയുകയും ചെയ്യല്‍ പതിവായിരുന്നു. ടൗണ്‍ പള്ളികമ്മിറ്റിയുടെ ട്രഷററായും ഇസത്തുല്‍ ഇസ്്‌ലാം സംഘത്തിന്റെ ജോ.സെക്രട്ടറിയായും സേവനം ചെയ്തുകൊണ്ടിരിക്കെയാണ് വിടപറഞ്ഞത്. നബിദിനാഘോഷത്തിന് പുതിയ രൂപവും ഭാവവും നല്‍കി നിലവില്‍ നടന്ന് വരുന്ന വിദ്യാര്‍ഥികളുടെ കലാസാഹിത്യ പരിപാടികളും പ്രഭാഷണവും ഘോഷയാത്രയും രണ്ടര പതിനറ്റാണ്ട് മുമ്പ് കമ്പളക്കാട് നടപ്പിലാക്കുന്നതില്‍ ഇബ്‌റാഹീം കുട്ടി ഹാജിയുടെ പ്രവര്‍ത്തനം ശ്ലാഖനീയമായിരുന്നു. രോഗികളുടെ മരുന്ന് വാങ്ങാനുള്ള ചീട്ടോ നിര്‍ധന കുടുംബങ്ങളുടെ വിവാഹ സഹായാഭ്യാര്‍ഥനയോ വീട് നിര്‍മാണ സഹായത്തിനുള്ള കത്തോ എന്തെങ്കിലുമൊന്ന് എപ്പോഴും കൈവശമുണ്ടാവും. അതുമായി സുമനസ്‌കരോട് സംസാരിച്ച് അശരണരെ സഹായിക്കുക അദ്ദേഹത്തിന്റെ ഇഷ്ടപ്രവര്‍ത്തനമാണ്. കമ്പളക്കാട്ടെ ഗവ. യു.പി സ്‌കൂള്‍, സ്വതന്ത്ര കര്‍ഷക സംഘം, വ്യാപാരി വ്യവസായി ഏകോപന സമിതി, ടൗണ്‍ വികസന സമിതി തുടങ്ങി മുഴുവന്‍ വേദികളിലും ഇബ്‌റാഹീം കുട്ടി ഹാജിയുടെ സാനിധ്യവും അഭിപ്രായ പ്രകടനങ്ങളുമുണ്ടാവും. തന്റെ രോഗത്തിന്റെ കാഠിന്യം മനസിലാക്കിയിട്ടും അവസാന നാളുകള്‍വരെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. റമദാനില്‍ ടൗണ്‍ മസ്ജിദ് കമ്മിറ്റി ആരംഭിച്ച അല്‍ ഇഹ്‌സാന്‍ റിലീഫ് സമിതിയുടെ പ്രവര്‍ത്തനങ്ങളിലും രൂപീകരണത്തിലും തന്റെതായ പങ്ക് അദ്ദേഹം അടയാളപ്പെടുത്തിയിട്ടുണ്ട്. റബര്‍കുന്ന് ഏരിയയിലെ നൂറോളം വീടുകളില്‍ മുഴുവന്‍ വിശേഷങ്ങളുമന്വേഷിച്ച് സ്വകാര്യമായി ആവശ്യമായ സഹായങ്ങളും ചെയ്ത് ആഴ്ചതോറും കയറിയിറങ്ങുന്ന ഇബ്‌റാഹീം കുട്ടി പൊതു പ്രവര്‍ത്തകര്‍ക്കൊരു മാതൃകയായിരുന്നു. വിശാലമായ കമ്പളക്കാട് പ്രദേശത്തെ മുഴുവന്‍ ആളുകളെ കുറിച്ചും വ്യക്തമായി അറിയാവുന്ന സമസ്തയുടെയും പോഷക ഘടകങ്ങളുടെയും പ്രവര്‍ത്തനങ്ങളെ തന്റെ സാനിധ്യം കൊണ്ടും ഉപദേശങ്ങള്‍ കൊണ്ടും ധന്യമാക്കുകയും ചെയ്ത ഒരു നല്ല ദീനി പ്രവര്‍ത്തകനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ കമ്പളക്കാടിന് നഷ്ടമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."