ഹജ്ജ്: ഹറം ദിവസേന പത്തു തവണ അണുവിമുക്തമാക്കുന്നതായി ഹറംകാര്യ വകുപ്പ് മേധാവി
ജിദ്ദ: കൊവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന വിശുദ്ധ ഹജ്ജിനു സംബന്ധിച്ചു ഹറം ദിവസേന പത്തു തവണ അണുവിമുക്തമാക്കുന്നതായി ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു. ഹറംകാര്യ വകുപ്പിന്റെ ഹജ് പദ്ധതി വിശകലനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശുദ്ധ ഹറമിനെക്കാള്‍ അണുവിമുക്തവും ശുദ്ധീകരിക്കപ്പെട്ടതുമായ മറ്റൊരു സ്ഥലവും ലോകത്തില്ല. സഊദിയും ലോക രാജ്യങ്ങളും കടന്നുപോകുന്ന അസാധാരണ സാഹചര്യത്തിനിടെയാണ് ഇത്തവണത്തെ ഹജ് കടന്നുവരുന്നത്. കൊറോണ നേരിടാനും ഹജ് തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കാനും ആവശ്യമായ മുഴുവന്‍ മുന്‍കരുതല്‍ നടപടികളും സഊദി ഭരണകൂടം സ്വീകരിക്കുന്നുണ്ട്. അറഫ ഖുതുബ പത്തു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാനും ഒരേസമയം അഞ്ചു കോടി പേര്‍ക്ക് പ്രയോജനപ്പെടുന്ന ശേഷിയില്‍ ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോമുകളിലൂടെ സംപ്രേക്ഷണം ചെയ്യാനും ഹറംകാര്യ വകുപ്പ് മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു.
ഹജ് അനുമതി പത്രമില്ലാത്ത ഒരാളെയും ഇഹ്‌റാമില്‍ വിശുദ്ധ ഹറമിന്റെ മുറ്റങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് സുരക്ഷാ വകുപ്പുകള്‍ വ്യക്തമാക്കി. ഹജ് പദ്ധതിയുടെ ആദ്യ ഘട്ടം ഇതിനകം നടപ്പാക്കി കഴിഞ്ഞു. അവശേഷിക്കുന്ന ഘട്ടങ്ങള്‍ വരും ദിവസങ്ങളില്‍ നടപ്പാക്കും. ഹാജിമാര്‍ക്ക് വിശുദ്ധ ഹറമില്‍ പ്രവേശിക്കാനും ഹറമില്‍നിന്ന് പുറത്തുകടക്കാനും പ്രത്യേക കവാടങ്ങളും വഴികളും നീക്കിവെക്കും.
ഹജ് നിര്‍വഹിക്കുന്നതിന് വേണ്ടി വിവേകമുള്ള ആരെങ്കിലും വളഞ്ഞ വഴികള്‍ ആശ്രയിക്കുമെന്ന് പ്രതീക്ഷിക്കാവതല്ല. വിശുദ്ധ ഹറമില്‍ ഉംറ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതും പുറത്തു നിന്നുള്ളവര്‍ നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള താല്‍ക്കാലിക വിലക്ക്തു ടരുമെന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം ഹജ് പൂര്‍ത്തിയാകുന്നതു വരെ മക്കയില്‍ പ്രവേശിക്കുന്നതിന് ആര്‍ക്കും വിലക്കില്ലെന്നും എല്ലാവര്‍ക്കും മക്കയില്‍ പ്രവേശിക്കാവുന്നതാണെന്നും ഹജ് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കമാണ്ട് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ കമാണ്ടര്‍ ബ്രിഗേഡിയര്‍ താരിഖ് അല്‍ഗുബാന്‍ പറഞ്ഞു.
മിനായിലും അറഫയിലും മുസ്ദലിഫയിലും പ്രവേശിക്കുന്നതിന് മാത്രമാണ് വിലക്കുള്ളത്. അനുമതി പത്രമുള്ളവരെ മാത്രമേ പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ എന്നും ബ്രിഗേഡിയര്‍ താരിഖ് അല്‍ഗുബാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."