സ്വര്‍ണം തന്നത് കടംവാങ്ങിയ പണത്തിനു പകരം; കള്ളക്കടത്താണെന്ന് അറിഞ്ഞില്ല: പ്രതികള്‍ കോടതിയില്‍
കൊച്ചി: കടം നല്കിയ പണത്തിനു പകരമാണ് തങ്ങള്‍ക്ക് സ്വര്‍ണം ലഭിച്ചതെന്നും അത് കള്ളക്കടത്ത് സ്വര്ണമാണെന്നറിയില്ലായിരുന്നെന്നും കസ്റ്റംസ് അറസ്റ്റ് ചെയ്ത പ്രതികള്‍ കോടതിയില്‍ പറഞ്ഞു.
ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു പ്രതികളുടെ അഭിഭാഷകരുടെ വാദം.
മുഖ്യപ്രതിയായ റമീസിന് നേരത്തെ പണം കടം കൊടുത്തിരുന്നു. അതു തിരികെ ചോദിച്ചപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടാണെന്നും പകരം തന്നത് സ്വര്‍ണമായിരുന്നുവെന്നും മറ്റൊരു പ്രതി സംജുവിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
വിദേശ സ്വര്‍ണമാണെന്നറിയില്ലായിരുന്നു. സ്വര്‍ണത്തില്‍ വിദേശമുദ്രയും ഉണ്ടായിരുന്നില്ല. സ്വര്‍ണം വിറ്റ് പണമെടുത്തുകൊള്ളാനാണ് റമീസ് പറഞ്ഞതെന്നും സംജു കോടതിയെ ധരിപ്പിച്ചു.
മുഹമ്മദ് ഷാഫിക്ക് 50 ലക്ഷം രൂപ കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് ഹംജദ് അലി കോടതിയെ അറിയിച്ചു.
സ്വര്‍ണം വാങ്ങുകയോ ഗൂഢാലോചനയില്‍ പങ്കാളിയാവുകയോ ചെയ്തിട്ടില്ലെന്നും ഹംജദ് അലിയുടെ അഭിഭാഷകന് വാദിച്ചു.
സംജു, ഹംജദ് അലി, മുഹമ്മദ് അന്‍വര്‍, ജിഫ്സല് എന്നിവരാണ് ഇന്നലെ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. പ്രാഥമിക വാദത്തിനുശേഷം കേസ് പരിഗണിക്കുന്നത് 24ലേക്കു മാറ്റി. ഓഗസ്റ്റ് അഞ്ചുവരെ പ്രതികളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
അതിനിടെ കൂട്ടിലങ്ങാടി സ്വദേശി അബ്ദുല്‍ ഹമീദ്, ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു. ഇവരെ കൊവിഡ് പരിശോധനയ്ക്കു വിധേയമാക്കിയതിനാല്‍ ഫലം വന്നതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."