ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടണമെന്ന് യു.എസ്
ബെയ്ജിങ്: ടെക്‌സാസിലെ പ്രമുഖ നഗരമായ ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ ചൈനയോട് ഉത്തരവിട്ട് യു.എസ്. നടപടിയെ രാഷ്ട്രീയ പ്രകോപനമെന്ന് വിശേഷിപ്പിച്ച് ചൈന. യു.എസിന്റെ ബൗദ്ധികസ്വത്തും സ്വകാര്യ വിവരങ്ങളും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് തീരുമാനമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മോര്‍ഗന്‍ ഒര്‍ട്ടാഗസ് അറിയിച്ചു. അതേസമയം യു.എസ് നടപടി മര്യാദലംഘനവും നീതീകരിക്കാനാവാത്തതുമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു.
അജ്ഞാതരായ ചിലര്‍ ചൈനീസ് കോണ്‍സുലേറ്റ് കെട്ടിടത്തിന്റെ മുറ്റത്ത് ചവറ്റുകൂട്ടയിലിട്ട് കടലാസുകള്‍ കത്തിച്ചത് ശ്രദ്ധയില്‍ പെട്ടതോടെയാണ് യു.എസ് നടപടി. മൂന്നു ദിവസത്തിനകം കോണ്‍സുലേറ്റ് പൂട്ടണമെന്നാണ് ചൊവ്വാഴ്ച നിര്‍ദേശം നല്‍കിയത്. വാഷിങ്ടണിലെ എംബസി കൂടാതെ യു.എസിലുള്ള അഞ്ച് ചൈനീസ് കോണ്‍സുലേറ്റുകളില്‍ ഒന്നാണിത്. ചൈനയില്‍ യു.എസിനും അഞ്ച് കോണ്‍സുലേറ്റുകളാണുള്ളത്.
യു.എസിന്റെ പരമാധികാരം ലംഘിക്കുന്നതിനോടും ജനങ്ങളെ വിരട്ടുന്നതിനോടും ഞങ്ങള്‍ക്ക് സഹിഷ്ണുത കാണിക്കാനാവില്ലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വ്യക്തമാക്കി. ശരിയായ രീതിയിലുള്ളതല്ലാത്ത വ്യാപരനയങ്ങളോടും അമേരിക്കക്കാരുടെ തൊഴിലുകള്‍ മോഷ്ടിക്കുന്നതും മോശമായ പെരുമാറ്റവും വച്ചുപൊറുപ്പിക്കില്ല. വിയന്ന ഉടമ്പടി പ്രകാരം ആതിഥേയ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ലെന്നതും അവര്‍ ഓര്‍മിപ്പിച്ചു.
രാജ്യത്ത് നിയമവിരുദ്ധമായി ചൈന ചാരപ്പണി നടത്തുന്നതായും ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുകയും വ്യവസായ പ്രമുഖരെയും ചൈനയില്‍ താമസിക്കുന്ന അമേരിക്കക്കാരെയും ഭീഷണിപ്പെടുത്തുന്നതായും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആരോപിച്ചു.
അതേസമയം അമേരിക്ക തെറ്റ് തിരുത്താന്‍ തയാറാവാതെ തെറ്റായ പാതയിലൂടെ മുന്നോട്ടുപോവുകയാണെങ്കില്‍ തിരിച്ചടി നല്‍കാന്‍ ചൈന നിര്‍ബന്ധിതമാവുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ മുന്നറിയിപ്പു നല്‍കി. ഇതിനു പകരമായി യു.എസ് കോണ്‍സുലേറ്റ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടാന്‍ ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ് അഭിപ്രായ വോട്ടെടുപ്പ് തുടങ്ങിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."