തെരുവുനായകളുടെ ആക്രമണം വ്യാപകം; 14 പേര്‍ക്കു പരുക്ക്
കോട്ടക്കല്‍: ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവു നായകളുടെ പരാക്രമം രൂക്ഷമാകുന്നു. ബസ് സ്റ്റാന്റ്, മാര്‍ക്കറ്റ്, പറപ്പൂര്‍ റോഡ്, ആട്ടീരി റോഡ് എന്നിവിടങ്ങളില്‍ നിന്നായി സ്ത്രീയടക്കം എട്ടു പേരെയാണു കഴിഞ്ഞ ദിവസം തെരുവുനായകള്‍ കടിച്ചത്. മൂലപ്പറമ്പ് സ്വദേശി സുമയ്യ, കോട്ടപറമ്പ് ഇസ്മാഈല്‍, കടവല്ലൂര്‍ രാജേഷ് കൃഷ്ണന്‍, ചെണ്ണേങ്ങാട്ടി മമ്മി, അരിച്ചോള്‍ സ്വദേശി ബഷീര്‍, പാരയില്‍ സ്ട്രീറ്റിലെ രവി, നെല്ലിക്കപറമ്പ് സ്വദേശി ഇസ്മാഈല്‍, പാറയില്‍ സ്വദേശി രാജേഷ് എന്നിവര്‍ക്കാണു കടിയേറ്റത്. മറ്റു അഞ്ചോളം പേര്‍ക്കും നായകളുടെ ആക്രമണമേറ്റതായി വിവരമുണ്ട്.
രാത്രിയായാല്‍ പറപ്പൂര്‍ റോഡിലും ബസ് സ്റ്റാന്റിലും ആട്ടീരി റോഡിലെയും ആളൊഴിഞ്ഞ സ്ഥലങ്ങളിലുമെല്ലാം ഇവ കൂട്ടത്തോടെയാണ് എത്തുന്നത്. ബി.എച്ച് റോഡ്, താഴെ കോട്ടക്കല്‍, കൈപ്പള്ളികുണ്ട് എന്നിവിടങ്ങളിലും നായകളുടെ ശല്യം രൂക്ഷമാണ്. ഇരുട്ടുന്നതോടെ ഇതു വഴിയുള്ള ഒറ്റയ്ക്കുള്ള യാത്രയും ദുസഹമായിരിക്കുകയാണ്. അതിരാവിലെ പള്ളിയിലേക്കു നിസ്‌കരിക്കാനെത്തുവരെയും ഷോപ്പുടമകളെയും ഇവ കൂട്ടത്തോടെ ആക്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ശനിയാഴ്ച ചന്തയ്ക്കു പുലര്‍ച്ചെ എത്തിയവരെയാണു നായ കടിച്ചത്. ആശുപത്രിയിലേക്കു മരുന്നു വാങ്ങാനെത്തിയ സത്രീയെയും നായ കടിച്ചു. ആട്ടീരി റോഡിലെ അങ്കണവാടിക്കു സമീപത്തുവെച്ചാണു രണ്ടു പേര്‍ക്കു കടിയേറ്റത്.
നായയുടെ കടിയേറ്റ് ഹെല്‍ത്ത് സെന്ററില്‍ എത്തിയവര്‍ ചികിത്സ ലഭിക്കാതെ മടങ്ങിയതായി പരാതി. ഹെല്‍ത്ത് സെന്ററില്‍ കുത്തിവെപ്പെടുക്കുന്നതിനുള്ള പ്രത്യേക വാക്‌സിന്‍ ഇല്ലാത്തതിനാല്‍ ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് അയച്ചു. ടൗണിലെ തെരുവ് നായ ശല്യത്തിനെതിരേ മതിയായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും നായയുടെ കടിയേറ്റവര്‍ക്കുള്ള ചികിത്സ സൗകര്യം ഹെല്‍ത്ത് സെന്ററില്‍ ലഭ്യമാക്കണമെന്നും ടൗണ്‍ യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."