നേര്യമംഗലത്ത് പുതിയ പാലം നിര്‍മിക്കും: ജോയ്‌സ് ജോര്‍ജ്
ഇടുക്കി: പൗരാണിക സ്മരണകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ നേര്യമംഗലത്ത് പുതിയ പാലം നിര്‍മിക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്‌സ് ജോര്‍ജ് പറഞ്ഞു. നേര്യമംഗലത്ത് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജോയ്‌സ് ജോര്‍ജ്. നേര്യമംഗലം പനംകുട്ടികമ്പിളികണ്ടം റോഡിന് സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്നും 28 കോടി രൂപ അനുവദിച്ച് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പൂര്‍ത്തിയായാലുടന്‍ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയും. തിരുവിതാംകൂറിന്റെ സ്മരണകള്‍ നിലനിര്‍ത്തുന്ന ഇപ്പോഴത്തെ പാലം നിലനിര്‍ത്തിക്കൊണ്ട് തന്നെ പുതിയ പാലം നിര്‍മ്മിക്കുമെന്നും ജോയ്‌സ് ജോര്‍ജ് പറഞ്ഞു.
കോതമംഗലം മണ്ഡലത്തിന്റെ വിവിധ മേഖലകളില്‍ ജോയ്‌സ് ജോര്‍ജിന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. കോതമംഗലം മണ്ഡലത്തിലെ അഞ്ചാംഘട്ട പര്യടനവും ജോയ്‌സ് ജോര്‍ജ് വ്യാഴാഴ്ച പൂര്‍ത്തിയാക്കി. രാവിലെ നീണ്ടപാറയില്‍ നിന്നായിരുന്നു തുടക്കം. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. ചെമ്പന്‍കുഴി, നേര്യമംഗലം, ഇഞ്ചത്തൊട്ടി, ഊന്നുകല്‍ ഉള്‍പ്പടെ കവളങ്ങാട് പഞ്ചായത്തിലെ മുഴുവന്‍ കേന്ദ്രങ്ങളിലും പര്യടനം നടത്തി ഉച്ചയ്ക്ക് നെല്ലിമറ്റത്ത് എത്തി. ഉച്ച ഭക്ഷണത്തിന് ശേഷം പല്ലാരിമംഗലം, വാരപ്പെട്ടി പഞ്ചായത്തുകളില്‍ പര്യടനം നടത്തി മുനിസിപ്പാലിറ്റിയില്‍ പ്രവേശിച്ചു. മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ പര്യടനം നടത്തി രാത്രി 9 ന് തങ്കളത്ത് സമാപിച്ചു.
ആന്റണി ജോണ്‍ എം.എല്‍.എ, പി.എം ഇസ്മാഈല്‍, ആര്‍. അനില്‍കുമാര്‍, ഇ.കെ. ശിവന്‍, പി.എന്‍ ബാലകൃഷ്ണന്‍, ഷാജി മുഹമ്മദ് തുടങ്ങിയവര്‍ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."